തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ലൈനായ ഗോ എയര്‍ ബെംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചു. ആഴ്ചയില്‍ നാലു ദിവസം സര്‍വീസുള്ള ബെംഗലുരു-സിംഗപ്പൂര്‍-ബെംഗലുരു ഫ്ളൈറ്റ് ഒക്ടോബര്‍ 18 നും ആഴ്ചയില്‍ മൂന്നു ദിവസമുള്ള കൊല്‍ക്കത്ത-സിംഗപ്പൂര്‍-കൊല്‍ക്കത്ത സര്‍വീസ് ഒക്ടോബര്‍ 19നും ആരംഭിക്കും.

ഗോ എയറിന്റെ എട്ടാമത് അന്താരാഷ്ട്ര സര്‍വീസാണ് സിംഗപ്പൂരിലേക്ക് ആരംഭിക്കുന്നത്. പുതിയ അന്താരാഷ്ട്ര സര്‍വീസിനു പുറമെ മിസോറമിലെ ഐസ്വാളിലേക്കും ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നു.ഗോ എയറിന്റെ 25 മത് ആഭ്യന്തര സര്‍വീസാണിത്. സിംഗപ്പൂരിലേക്ക് പറക്കുന്ന മലയാളികള്‍ക്കും ഏറെ ഗുണകരമായ സര്‍വീസാണിത്. 

സിംഗപ്പൂരിലേക്കുള്ള പുതിയ സര്‍വീസുകള്‍ ഗോ എയറിന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് പുതിയ ഫ്ളൈറ്റുകളെക്കുറിച്ച് സംസാരിക്കവെ ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു. സിംഗപ്പൂര്‍ ഒരേസമയം വളരെ പ്രധാനപ്പെട്ട വിനോദയാത്രാ കേന്ദ്രവും ബിസിനസ് ഹബ്ബുമാണ്. ഇത് പരിഗണിച്ച് ഗോ എയര്‍ സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡുമായും മറ്റു സ്ഥാപനങ്ങളുമായും ചേര്‍ന്ന് ഇന്ത്യയിലും സിംഗപ്പൂരിലും ടൂറിസം വികസനത്തിനുവേണ്ടി പ്രവര്‍ത്തിപ്പിക്കും. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ഗവണ്‍മെന്റിന്റെ 'ഗതാഗതത്തിലൂടെ മാറ്റം' എന്ന വികസന ലക്ഷ്യത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ് ഞങ്ങളുടെ ഐസോളിലേക്കുള്ള ഫ്ളൈറ്റ് സര്‍വീസെന്ന് അദ്ദേഹം പറഞ്ഞു.