Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്തെ സ്വർണപ്പണയ വായ്പ എങ്ങനെ? പഴയ സ്വർണത്തിന്റെ വിൽപ്പന ഉയർന്നു, ഇടിഎഫുകളിലെ നിക്ഷേപം കൂടി

കൊവിഡ്-19 ഒന്നാം തരംഗം മൂലം ജനങ്ങൾക്കുണ്ടായ സാമ്പത്തിക ഞെരുക്കം, ഉയർന്ന വില എന്നീ ഘടകങ്ങളാണ് പഴയ സ്വർണത്തിന്റെ വിൽപന ഉയരാനുളള പ്രധാന കാരണം. 

gold loan rates in covid -19 second wave economic crisis
Author
Thiruvananthapuram, First Published May 15, 2021, 5:29 PM IST

ലോകത്തെ ആകെ വിറപ്പിച്ച കൊവിഡ് ഒന്നാം തരംഗത്തിൽ കേരള വിപണിയിൽ സ്വർണത്തിന്റെ റീട്ടെയിൽ നിരക്കിൽ വൻ കുതിപ്പാണുണ്ടായത്. 2020 ആഗസ്റ്റ് മാസം സ്വർണത്തിന്റെ വിൽപ്പന നിരക്ക് ഗ്രാമിന് 5,250 രൂപയിലേക്ക് വരെ ഉയർന്നു. 2020 ൽ ഉണ്ടായ വലിയതോതിലുളള ഈ നിരക്ക് വർധന സ്വർണത്തിന്റെ വിൽപ്പനയിൽ ഇടിവിനും കാരണമായി. മറുഭാഗത്ത്, സ്വർണം കൈവശമുളളവർ അത് വിൽപ്പന നടത്തുന്ന പ്രവണത കൂടാനും ഈ നിരക്ക് വർധന ഇടയാക്കി.  

കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ പഴയ സ്വർണത്തിന്റെ പുനരുപയോഗം വർധിച്ചു. 2020 ജൂലൈ-സെപ്റ്റംബർ കാലയളവിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ പഴയ സ്വർണത്തിന്റെ പുനരുപയോഗം വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിലും സാക്ഷ്യപ്പെടുത്തുന്നു. 41.5 ടൺ പഴയ സ്വർണമാണ് രാജ്യത്ത് ഈ കാലയളവിൽ ഉരുക്കി ശുദ്ധീകരിച്ച് പുതിയ സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിച്ചതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു.

2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സ്വർണാഭരണ പുനരുപയോഗ തോതാണിത്. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 36.5 ടണ്ണിൽ നിന്നാണ് ഈ വൻ വർധന. 13.6 ശതമാനം വർധനയാണ് മുൻ വർഷത്തെ അപേക്ഷിച്ചുണ്ടായത്. ജൂലൈക്ക് മുമ്പുള്ള ത്രൈമാസത്തേക്കാൾ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.  

കൊവിഡ്-19 ഒന്നാം തരംഗം മൂലം ജനങ്ങൾക്കുണ്ടായ സാമ്പത്തിക ഞെരുക്കം, ഉയർന്ന വില എന്നീ ഘടകങ്ങളാണ് പഴയ സ്വർണത്തിന്റെ വിൽപന ഉയരാനുളള പ്രധാന കാരണം. കേരളത്തിലും ഈ കാലയളവിൽ വലിയ തോതിലാണ് പഴയ സ്വർണ വിൽപനയുണ്ടായത്. 10.79 ടൺ പഴയ സ്വർണം ജനങ്ങൾ വിറ്റഴിച്ചതായാണ് വിപണി റിപ്പോർട്ടുകൾ.

പണമാക്കാൻ സ്വർണം വിറ്റു

2020 ജൂലൈ-സെപ്റ്റംബർ കാലയളവിൽ സ്വർണ ഇറക്കുമതിയും പരിമിതമായിരുന്നു. സ്വർണത്തിന്റെ പുനരുപയോഗത്തിലുണ്ടായ വർധന ഇന്ത്യയിലെ മാത്രം ട്രെൻഡ് ആയിരുന്നില്ല. ആഗോളതലത്തിലും പഴയ സ്വർണത്തിന്റെ പുനരുപയോഗം വർധിച്ചിരുന്നു. പ്രധാനമായും പണമാക്കുന്നതിന് വേണ്ടിയാണ് ഉപഭോക്താക്കളുടെ കൈവശമുളള സ്വർണം അവർ വിറ്റഴിച്ചത്.

"രാജ്യന്തര തലത്തിൽ, 2020 ജൂലൈ - സെപ്റ്റംബർ പാദത്തിൽ 376.1 ടൺ പഴയ സ്വർണമാണ് ഉരുക്കി ശുദ്ധീകരിച്ച് പുനരുപയോഗത്തിനായി നിർമ്മാണമേഖലയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് ശതമാനം വർധനയാണ് ഈ രംഗത്തുണ്ടായത്, " ഓൾ ഇന്ത്യ ജം ആൻറ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.  

റിസർവ് ബാങ്ക് തീരുമാനം ഗുണകരമായി

കൊവിഡ് ലോക്ക്ഡൗണും അതിനെ തുടർന്നുളള നിയന്ത്രണങ്ങളും വ്യക്തികളുടെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിച്ചതിനെ തുടർന്ന് സ്വർണവായ്പ എടുക്കുന്നവരുടെ എണ്ണം ഉയരാനിടയാക്കി. സ്വര്‍ണപ്പണയത്തില്‍ ആഭരണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പയായി നല്‍കാമെന്ന പുതിയ ചട്ടം റിസർവ് ബാങ്ക് മുന്നോട്ടുവച്ചതും ഈ രംഗത്തെ വായ്പാ വർധനയ്ക്ക് ഇന്ധനമായി. സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ രീതിയില്‍ ആയിരുന്നു വായ്പ നൽകിയിരുന്നതെങ്കിലും, സ്വര്‍ണ മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പയായി നല്‍കാമെന്നായിരുന്നു അതുവരെ നിലവിലുണ്ടായിരുന്ന ചട്ടം. ഇത് 90 ശതമാനത്തിലേക്ക് ഉയർത്തിയത് വായ്പയെടുക്കുന്നവർക്ക് കൂടുതൽ അനുഗ്രഹമായി.

സ്വര്‍ണപ്പണയ വായ്പകൾ ശരിക്കും തിളങ്ങി. മൊത്തം വായ്പകളിൽ സ്വർണ വായ്പകൾക്ക് 132 ശതമാനത്തിലേറെ വര്‍ധനയുണ്ടായി. മത്സരിച്ച് സ്വർണ വായ്പകൾ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും നൽകി. സ്വര്‍ണപ്പണയ വായ്പകളിൽ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 18,596 കോടി രൂപയിൽ നിന്ന് ഈ രംഗത്തെ സ്വർണ്ണപ്പണയ വായ്പാ പോർട്ട്ഫോളിയോ 43,141 കോടി രൂപയായി ഉയർന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ ഇത് ഇനിയും വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.  

പലിശ നിരക്ക് കുറവ്

പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വർണപ്പണയ വായ്പകൾക്ക് പലിശ നിരക്കിൽ കുറവുകളും പ്രഖ്യാപിച്ചിരുന്നു. പല ബാങ്കുകളുടെയും പലിശ നിരക്കുകള്‍ വ്യത്യസ്തമാണെങ്കിലും എട്ട് ശതമാനത്തില്‍ താഴെയാണ് മിക്ക വായ്പകളും അനുവദിക്കുന്നത്.

ഓരോ സ്ഥാപനങ്ങളും വ്യത്യസ്ത കാലാവധിയിലാണ് വായ്പ അനുവദിക്കുന്നത്. മൂന്നുമാസം മുതല്‍ 24 മാസംവരെയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വായ്പാ കാലാവധി. എസ്ബിഐയില്‍ ഇത് 36 മാസം വരെയാണ്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വ്യത്യസ്ത പദ്ധതികളിലായി വ്യത്യസ്ത കാലാവധികളിലാണ് വായ്പ നല്‍കി വരുന്നത്. സ്വര്‍ണപ്പണയ വായ്പയ്ക്ക് പ്രോസസിങ് ഫീസിന് പുറമെ, സ്വര്‍ണത്തിന്റെ മൂല്യം പരിശോധിക്കുന്നതിനുള്ള ചാര്‍ജുകൂടി ബാങ്കുകൾ ഈടാക്കാൻ സാധ്യതയുണ്ട്. ഇത് താരതമ്യേന ചെറിയ തുകയാകും.

പ്രോസസിങ് ചാര്‍ജ്, മൂല്യനിര്‍ണയ നിരക്ക് എന്നിവയ്ക്ക് പുറമെ ഡോക്യുമെന്റേഷന്‍ ചാര്‍ജ്, തിരിച്ചടവ് വൈകിയാലുള്ള ചാര്‍ജ് എന്നിവയും ചില ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കാറുണ്ട്. സ്വർണപ്പണയ വായ്പയ്ക്ക് അപേക്ഷിക്കും മുമ്പ് ഇത്തരം വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം മാത്രം നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതാണ് ഉചിതം.

സ്വർണ ഇടിഎഫുകളിൽ നിക്ഷേപകർ കൂടി

കൊവിഡ് കാലത്ത് ദൃശ്യമായ മറ്റൊരു പ്രത്യേകതയായിരുന്നു സ്വർണ ഇടിഎഫുകളിലെ നിക്ഷേപ വർധന. ലിസ്റ്റ് ചെയ്ത എക്സ്ചേഞ്ചിലൂടെയോ, മൂച്വൽ ഫണ്ട് കമ്പനി വഴിയോ എപ്പോൾ വേണമെങ്കിലും വിറ്റഴിക്കാൻ കഴിയുന്ന സ്വർണ ഇടിഎഫുകളിൽ നിക്ഷേപക താല്പര്യം കൂടിയതായി വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു.

കൊവിഡ് രണ്ടാം തരംഗം ലോകത്ത് ഭീതി വിതച്ച് തുടരുന്ന സാഹചര്യത്തിൽ സ്വർണ വിപണിയിലെ മാറ്റങ്ങൾ പ്രവചനാതീതമാണെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. സ്വർണ വിപണിയിൽ ചാഞ്ചാട്ടം പ്രകടമാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ നിരക്ക് 1,900 ഡോളറിന് സമീപത്തേക്ക് നീങ്ങുകയാണ്. കേരളത്തിലെ സ്വർണ വിലയിലും മുന്നേറ്റം പ്രകടമാണ്. നിരക്ക് നിലവിൽ ഗ്രാമിന് 4,500 ന് സമീപമാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios