ഭാരതി എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് 1.28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും. വരും വര്‍ഷങ്ങളിലേക്കുള്ള വാണിജ്യ കരാറുകളുടെ ഭാഗമായി 300 കോടി ഡോളര്‍ കൂടി നിക്ഷേപിക്കും. 

ദില്ലി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലില്‍ (Airtel) ടെക് ലോകത്തെ ആഗോള ഭീമനായ ഗൂഗിള്‍ (google) നിക്ഷേപം നടത്തുന്നു. 100 കോടി ഡോളറാണ് നിക്ഷേപം. സ്മാര്‍ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ഇരു കമ്പനികളും ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാരതി എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് 1.28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും. വരും വര്‍ഷങ്ങളിലേക്കുള്ള വാണിജ്യ കരാറുകളുടെ ഭാഗമായി 300 കോടി ഡോളര്‍ കൂടി നിക്ഷേപിക്കും. മൊബൈല്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ഇടപെടുമെന്നാണ് എയര്‍ടെല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇനിയും ഈ കരാറിന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയില്‍ 75 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. എന്നാല്‍ ചൈനയുടെ രീതിയിലല്ല നിക്ഷേപകരോടുള്ള ഇന്ത്യയുടെ സമീപനം. ആഗോള ഭീമന്മാരായ ഫെയ്‌സ്ബുക്കിനെയും ആമസോണിനെയും ഗൂഗിളിനെയും നെറ്റ്ഫ്‌ലിക്‌സിനെയുമെല്ലാം ഇരുകൈയ്യും നീട്ടിയാണ് ഇന്ത്യ ക്ഷണിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഇടപെടല്‍ വര്‍ധിപ്പിക്കാനാണ് ശ്രമം.

രണ്ട് വര്‍ഷം മുന്‍പ് ജിയോ പ്ലാറ്റ്‌ഫോമില്‍ ഗൂഗിള്‍ 4.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കാണ് ഈ കരാര്‍ എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഇന്ത്യയില്‍ ഏറ്റവും വിലക്കുറവില്‍ 4ജി ഫോണുകള്‍ പുറത്തിറക്കിയത്.