Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് തിരിച്ചു പിടിച്ചെന്ന് റിപ്പോർട്ട്, നിഷേധിച്ച് കേന്ദ്രസർക്കാർ; ടെണ്ടർ ആർക്ക്?

സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്, അജയ് സിങിനെ മറികടന്ന് ടെണ്ടർ പിടിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ

Govt quashes report of Tata Group emerging as winning bidder for Air India
Author
Delhi, First Published Oct 1, 2021, 2:51 PM IST

ദില്ലി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ടെണ്ടറിൽ ടാറ്റ ഗ്രൂപ്പ് വിജയിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഇത് നിഷേധിച്ച് കേന്ദ്രസർക്കാർ തന്നെ രംഗത്ത് വന്നു. എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള ടെണ്ടറിൽ പങ്കെടുത്തത് ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ഉടമയായ അജയ് സിങുമാണ്. ബിസിനസ് ഗ്രൂപ്പെന്ന നിലയിലാണ് ടാറ്റ ടെണ്ടറിൽ പങ്കെടുത്തത്. അജയസ് സിങ് ഒറ്റയ്ക്കും.

സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം വാഗ്ദാനം ചെയ്ത ടാറ്റ ഗ്രൂപ്പ്, അജയ് സിങിനെ മറികടന്ന് ടെണ്ടർ പിടിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതി ഉടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനിരിക്കെയാണ് ഈ നിലയിൽ വാർത്ത വന്നത്.

1932 ലാണ് ടാറ്റ തങ്ങളുടെ എയർലൈൻ സ്ഥാപിച്ചത്. ടാറ്റ കുടുംബം തങ്ങളുടെ കുടുംബ ബിസിനസായി സ്ഥാപിച്ച ടാറ്റ എയർലൈൻസിനെ പിന്നീട് എയർ ഇന്ത്യയാക്കി. കേന്ദ്രസർക്കാരിന്റെ ദേശസാത്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു വിമാനക്കമ്പനിയെ ഏറ്റെടുത്തത്. 68 വർഷം കൊണ്ട് കരകയറാനാവാത്ത നിലയിൽ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് എയർ ഇന്ത്യ വീണു. ഇതോടെയാണ് വിമാനക്കമ്പനിയെ വിറ്റ് കാശാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

അതേസമയം പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്നും സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. അമിത് ഷായ്ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങിയ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.

2020 ജനുവരിയിലാണ് ആസ്തി വിറ്റഴിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങിയത്. എന്നാൽ കൊവിഡ് മഹാമാരിയുടെ വ്യാപനം മൂലം ഇത് വൈകി. 2019 മാർച്ച് 31 ലെ കണക്ക് പ്രകാരം എയർ ഇന്ത്യക്ക് 60074 കോടി രൂപയുടെ ബാധ്യതയുണ്ട്. 2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതിന് ശേഷം എയർ ഇന്ത്യ നഷ്ടത്തിൽ നിന്ന് കരകയറിയിട്ടില്ല. 
 

Follow Us:
Download App:
  • android
  • ios