മുംബൈ: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഏപ്രില്‍ മാസത്തെ ആകെ വാഹന വില്‍പ്പന (പാസഞ്ചര്‍, വാണിജ്യ വാഹനങ്ങള്‍, കയറ്റുമതി) 36,437 യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പനയൊന്നും നടന്നിരുന്നില്ല എന്നതിനാല്‍ വാര്‍ഷിക താരതമ്യം സാധ്യമല്ല.

യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മഹീന്ദ്ര 2021 ഏപ്രിലില്‍ 18,186 യൂണിറ്റുകള്‍ വിറ്റഴിച്ചു. പാസഞ്ചര്‍ വിഭാഗത്തില്‍ (യുവി, കാര്‍, വാന്‍ എന്നിവ ഉള്‍പ്പെടുന്ന) 18,285 വാഹനങ്ങളുടെ വില്‍പ്പന നടന്നു.

2021 മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലില്‍ 9.5 ശതമാനം വളര്‍ച്ചയാണ് കുറിച്ചതെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ വിതരണത്തിലും ഉല്‍പ്പാദനത്തിലും വെല്ലുവിളികള്‍ ഉണ്ടായേക്കും. മോശമല്ലാത്ത ഡിമാന്‍ഡ് ഉണ്ടെങ്കിലും ഉപഭോക്താക്കളുടെ നീക്കത്തിലും ഡീലര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളിലും പരിമിതികള്‍ കാണുന്നതിനാല്‍ ആദ്യ പാദത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. ഇത്തരം സമയങ്ങളില്‍ സഹകാരികളുടെ സുരക്ഷയും ആരോഗ്യവുമാണ് പ്രധാനം. ഉപഭോക്താക്കള്‍ക്കായി ഡിജിറ്റലും കോണ്ടാക്ട്ലെസ് വില്‍പ്പനയും സര്‍വീസ് പിന്തുണയും ലഭ്യമാക്കുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീജെ നക്ര പറഞ്ഞു.