മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പദാതാവായ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 2020 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 18.4 ശതമാനം ഉയർന്ന് 7,513.1 കോടി രൂപയായി. പലിശ വരുമാനത്തിലും മറ്റ് വരുമാനത്തിലും ഗണ്യമായ വളർച്ചയാണുണ്ടായത്.

2019 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 6,344.9 കോടി രൂപയുടെ അറ്റാദായം നേടിയ സ്ഥാനത്ത് നിന്നാണ് ഈ വളർച്ച. 2020 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ 6,658.6 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് നേടിയത് (Q1Fy21).

വെള്ളിയാഴ്ച (2020 ഒക്ടോബർ 16) ബിഎസ്ഇയിൽ ബാങ്കിന്റെ ഓഹരി 2.55 ശതമാനം ഉയർന്ന് 1,199 രൂപയായി. അറ്റ പലിശ വരുമാനം (എൻ ഐ ഐ) വർഷികാടിസ്ഥാനത്തിൽ 16.7 ശതമാനം (YoY) വർദ്ധിച്ചു. Q2FY20 ലെ 13,515 കോടി രൂപയിൽ നിന്ന് Q2FY21 ൽ 15,774.4 കോടി രൂപയായി അറ്റ പലിശ വരുമാനം ഉയർന്നു. ഫീസും കമ്മീഷനും അടങ്ങുന്ന മറ്റ് വരുമാനം 27.9 ശതമാനം ഉയർന്ന് 6,092 കോടി രൂപയിലെത്തി.