മുംബൈ: സ്വകാര്യ ബാങ്കായ എച്ച്ഡി‌എഫ്‌സി ബാങ്ക് അറ്റാദായത്തിൽ 19.6 ശതമാനം വർധന രേഖപ്പെടുത്തി. ഏപ്രിൽ മുതൽ ജൂൺ വരെയുളള മൂന്ന് മാസത്തേക്കുളള അറ്റാദായം 6,659 കോടി രൂപയായി ഉയർന്നു. അറ്റ ​​പലിശ വരുമാനത്തിലെ വർധനയും (എൻ‌ഐ‌ഐ) നികുതി കുറവിന്റെ ആനുകൂല്യവും ലഭിച്ചതാണ് മുന്നേറ്റത്തിന് സഹായിച്ചത്.

നേരത്തെ, 15 അനലിസ്റ്റുകളുടെ ബ്ലൂംബെർഗ് വോട്ടെടുപ്പ് പ്രകാരം ബാങ്കിന്റെ ലാഭം 6,809 കോടി രൂപയായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. 

ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം (നേടിയ പലിശയും ചെലവഴിച്ച പലിശയും തമ്മിലുള്ള വ്യത്യാസം) കഴിഞ്ഞ വർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 17.8% വർധിച്ച് 15,665.4 കോടി രൂപയായി. ലാഭത്തിന്റെ പ്രധാന അളവായ അറ്റ ​​പലിശ മാർജിൻ 4.3 ശതമാനമാണ്, കഴിഞ്ഞ വർഷം ഇതേ കാലയളവിലും സമാന മർജിനിലായിരുന്നു ബാങ്ക്. 

മെയ് 23 ലെ അധിക റെഗുലേറ്ററി പാക്കേജ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ ബാധകമാകുന്ന വിധത്തിൽ, തവണകളോ പലിശയോ സംബന്ധിച്ച് ബാങ്ക് മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിച്ചതായും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിലും മുന്നേറ്റം ഉണ്ടായി.