ലണ്ടന്‍: വിമാനക്കമ്പനിയുടെ നിയമപരമായ ബാധ്യതകളിൽ നിന്ന് ജെറ്റ് എയര്‍വേസിനെ ഒഴിവാക്കി കൊടുക്കുകയാണെങ്കില്‍, പ്രവർത്തനരഹിതമായ കമ്പനിയെ വാങ്ങാന്‍ തയ്യാറെന്ന് ഹിന്ദുജ ഗ്രൂപ്പ് വ്യക്തമാക്കി.

"ജെറ്റിന്റെ നിലനിൽപ്പിനെ സഹായിക്കാൻ സർക്കാർ അധികാരികൾ ഞങ്ങളെ സമീപിച്ചതാണ് ഞങ്ങൾ താൽപര്യം കാണിക്കാൻ കാരണം. ബാങ്കുകൾ പോലും ഞങ്ങളെ സമീപിച്ചു," ലണ്ടൻ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ കോ-ചെയർമാൻ ഗോപിചന്ദ് പി. ഹിന്ദുജ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ താത്പര്യം പ്രകടിപ്പിച്ച ഹിന്ദുജ ഗ്രൂപ്പ്, പിന്നീട് ജെറ്റ് എയർവേസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 

“ഞങ്ങൾ എന്തിനാണ് പുറകോട്ട് പോയത്? കാരണം എൻ‌സി‌എൽ‌ടി (നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ) മുൻകാല പ്രശ്‌നങ്ങളിൽ നിന്ന് ഞങ്ങൾക്ക് പരിരക്ഷ നൽകുന്നില്ല. അതിനാൽ, ഞങ്ങൾ ജെറ്റ് എയർവേസിലേക്ക് പോകുകയാണെങ്കിൽ, ഞങ്ങൾക്ക് മുൻകാല പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. ഞങ്ങൾക്ക് ഒരു ക്ലീൻ ചിറ്റ് വേണമെന്ന് ഞങ്ങൾ പറഞ്ഞു," ഗ്രൂപ്പിന്റെ ഇന്ത്യ ഓപ്പറേഷൻസ് ചെയർമാനും ഗോപിചന്ദ് പി. ഹിന്ദുജയുടെ ഇളയ സഹോദരനുമായ അശോക് ഹിന്ദുജ പറഞ്ഞു.