മുംബൈ: ഹോട്സ്റ്റാർ നഷ്ടം 42.50 ശതമാനം ഉയർന്ന് 554.38 കോടി ആയതായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. വരുമാനം 95 ശതമാനത്തോളം ഉയർന്ന് 1112.74 കോടിയായെങ്കിലും ചെലവ് 1677.51 കോടി ആയതാണ് തിരിച്ചടിയായത്. 2018 ൽ 965.7 കോടിയായിരുന്നു ചെലവ്.

അതേസമയം, ഹോട്സ്റ്റാറിന്റെ പ്രധാന എതിരാളിയായ നെറ്റ്ഫ്ലിക്സ് വരുമാനം 450 കോടിയായി ഉയർത്തി. മുൻവർഷത്തെ അപേക്ഷിച്ച് 700 ശതമാനം വളർച്ചയാണ് ഉണ്ടായത്. 5.1 കോടി രൂപ ലാഭം നേടാനും നെറ്റ്ഫ്ലിക്സിന് സാധിച്ചു. 2018 ൽ 20 ലക്ഷമായിരുന്നു ലാഭം.

വീഡിയോ ഒടിടി പ്ലാറ്റ്ഫോമുകളുടെ എണ്ണം 2012 ൽ 15 ആയിരുന്നു. ഇത് 2018 ൽ 32 ആയിരുന്നു. 2023 ഓടെ ഓൺലൈനിൽ വീഡിയോ കാണുന്നവരുടെ എണ്ണം 550 ദശലക്ഷം ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാസം തോറുമുള്ള കാഴ്ചക്കാരുടെ കണക്കിലും ഡൗൺലോഡ് എണ്ണത്തിലും ഇന്ത്യയിൽ ഹോട്സ്റ്റാറാണ് മുന്നിലുള്ളത്. 300 ദശലക്ഷമാണ് ഹോട്സ്റ്റാറിന്റെ പ്രതിമാസ കാഴ്ചക്കാർ. 299 രൂപയുടേതാണ് ഹോട്സ്റ്റാറിലെ പ്രതിമാസ പാക്കേജ്. അതേസമയം ഇന്ത്യൻ വിപണിയിൽ കൂടുതൽ കരുത്ത് നേടാൻ നെറ്റ്ഫ്ലിക്സും കുറഞ്ഞ നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.