മുംബൈ: സുപ്രധാന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ വിദേശ നിക്ഷേപം വർധിപ്പിക്കുന്നതായി റിപ്പോർട്ട്. ഇൻഷുറൻസ്-ഫിനാൻഷ്യൽ-ബിസിനസ് സേവനങ്ങൾ, മാനുഫാക്ചറിം​ഗ്, കൃഷി-ഖനനം, മൊത്ത-ചില്ലറ വ്യാപാരം, റെസ്റ്റോറന്റുകൾ- ഹോട്ടലുകൾ തുടങ്ങിയ മേഖലകളിലാണ് വിദേശ നിക്ഷേപത്തിലൂടെ ഇന്ത്യൻ കമ്പനികളുടെ സ്വാധീനം ശക്തമാകുന്നത്. മൊത്തം വിദേശ നിക്ഷേപത്തിന്റെ 90 ശതമാനവും ഈ മേഖലകളിലാണ് നടക്കുന്നത്. 100 കോടിയിലധികം നിർദേശങ്ങൾ രജിസ്റ്റർ ചെയ്ത ഒരേയൊരു മേഖല കൃഷി, ഖനനം എന്നിവയായിരുന്നു.

കെയർ റേറ്റിം​ഗ്സിന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുളളത്. ഇന്ത്യൻ നിക്ഷേപത്തിന്റെ അന്താരാഷ്ട്രവൽക്കരണത്തിലേക്കുള്ള പ്രവണത വർദ്ധിച്ചുവെന്നും വരും വർഷങ്ങളിൽ കമ്പനികൾ വിദേശ വിപണികളിൽ ഇത് തുടരുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. വിദേശ വിപണികളിൽ നിക്ഷേപിക്കുന്നത് ബിസിനസ്സ് വരുമാനം വൈവിധ്യവത്കരിക്കാൻ സഹായിക്കുകയും ആഭ്യന്തര ബിസിനസ് ശ്രമങ്ങൾക്ക് സഹായകരമാകുകയും ചെയ്യുന്നു.

ജെ എസ് ഡബ്ല്യു സ്റ്റീൽ, ഒഎൻജിസി വിദേശ്, എച്ച് സി എൽ ടെക്നോളജീസ്, ഹാൽഡിയ പെട്രോകെമിക്കൽസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരാണ് 500 മില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയ മികച്ച അഞ്ച് നിക്ഷേപകർ. കൂടാതെ, അദാനി പ്രോപ്പർട്ടീസ്, പിരാമൽ എന്റർപ്രൈസസ്, ലുപിൻ, കാഡില ഹെൽത്ത് കെയർ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് എന്നിവരും വിദേശ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയാണ്. 200 മില്യൺ ഡോളർ മുതൽമുടക്കുള്ള മറ്റ് 11 സ്ഥാപനങ്ങൾക്ക് എട്ട് മാസ കാലയളവിൽ 6.18 ബില്യൺ ഡോളർ നിക്ഷേപം നടത്താനായി, ഇത് മൊത്തം നിക്ഷേപത്തിന്റെ പകുതിയിലധികമാണ്.