Asianet News MalayalamAsianet News Malayalam

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: ടെണ്ടറില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ മാത്രം

ഏഴ് പ്രധാന നിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പെട്ട മൂന്ന് ബിഡുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം കണ്‍സോര്‍ഷ്യങ്ങളാണ്.
 

Indian companies only in the fray of Bullet train project
Author
New Delhi, First Published Sep 24, 2020, 7:15 AM IST

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ടെണ്ടറില്‍ പങ്കെടുത്തത് ഇന്ത്യന്‍ കമ്പനികള്‍ മാത്രം. 20000 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ ജോലിക്കായുള്ള ടെണ്ടറിലാണ് ഇന്ത്യന്‍ കമ്പനികള്‍ മാത്രം പങ്കെടുത്തത്. ഗുജറാത്തില്‍ ഉള്‍പ്പെടുന്ന 237 കിലോമീറ്റര്‍ ദൂരമുള്ള ഭാഗം നിര്‍മ്മിക്കാനുള്ള ടെണ്ടറിലാണ് ഇന്ത്യന്‍ കമ്പനികള്‍ മാത്രമുള്ളത്.

റെയില്‍ ഇടനാഴിക്കായി ബുധനാഴ്ചയാണ് ടെണ്ടര്‍ ക്ഷണിച്ചത്. ദേശീയ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷനാണ് ടെണ്ടര്‍ ക്ഷണിച്ചത്. പദ്ധതിയുടെ 47 ശതമാനം ഉള്‍പ്പെടുന്ന ഗുജറാത്തിലെ വാപി മുതല്‍ വഡോദര വരെയുള്ള ഭാഗത്തെ അലൈന്‍മെന്റിനായാണ് ടെണ്ടര്‍ ക്ഷണിച്ചത്. ഈ ഇടനാഴിയിലെ നാല് സ്റ്റേഷനുകളുടെ നിര്‍മ്മാണവും ഇതിന്റെ ഭാഗമായുണ്ട്. 

ഏഴ് പ്രധാന നിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പെട്ട മൂന്ന് ബിഡുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം കണ്‍സോര്‍ഷ്യങ്ങളാണ്. അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍-ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍-ജെഎംസി പ്രൊജക്ട് എന്നിവ ചേര്‍ന്നതാണ് ഒരു കണ്‍സോര്‍ഷ്യം. എന്‍സിസി-ടാറ്റ പ്രൊജക്ട്-ജെ കുമാര്‍ ഇന്‍ഫ്രാ പ്രൊജക്ട് എന്നിവ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് മറ്റൊന്ന്. ലാര്‍സന്‍ ആന്റ് ടര്‍ബോ (എല്‍ ആന്റ് ടി)യാണ് ബിഡില്‍ ഒറ്റയ്ക്ക് പങ്കെടുത്ത സ്ഥാപനം.

പദ്ധതിയുടെ ഈ ഭാഗത്തില്‍ 24 നദികളും 30 റോഡ് ക്രോസിങുകളും ഉണ്ട്. ഗുജറാത്തില്‍ പദ്ധതിക്കായി ഇതുവരെ 83 ശതമാനം ഭൂമി ഏറ്റെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തടസം നേരിട്ടിരിക്കുകയാണ്. 508 കിലോമീറ്റര്‍ നീളമുള്ള പദ്ധതിയുടെ 349 കിലോമീറ്റര്‍ ഗുജറാത്തിലാണ്. മഹാരാഷ്ട്രയില്‍ ആകെ 23 ശതമാനം ഭൂമി മാത്രമേ ഏറ്റെടുക്കാനായിട്ടുള്ളൂ.
 

Follow Us:
Download App:
  • android
  • ios