Asianet News MalayalamAsianet News Malayalam

'നിങ്ങളുടെ കപ്പല്‍ വേണ്ട'; റിലയന്‍സിനെതിരെ കടുത്ത നിലപാടുമായി ഇന്ത്യന്‍ നേവി

രണ്ടാഴ്ച മുന്‍പാണ് കരാറില്‍ നിന്ന് നാവിക സേന പിന്മാറിയത്. എന്നാല്‍ ഇതേക്കുറിച്ച് ഇരുകൂട്ടരും ഇതേവരെ പ്രതികരിച്ചിട്ടില്ല.
 

Indian navy cancels reliance naval engineering contract
Author
Mumbai, First Published Oct 9, 2020, 10:28 PM IST

ദില്ലി: റിലയന്‍സ് നേവല്‍ ആന്റ് എഞ്ചിനീയറിങ് ലിമിറ്റഡുമായുള്ള 2500 കോടിയുടെ കരാര്‍ ഇന്ത്യന്‍ നേവി റദ്ദാക്കി. നാവികസേനയ്ക്ക് വേണ്ടി നിരീക്ഷണ കപ്പലുകള്‍ നിര്‍മ്മിക്കാനുള്ളതായിരുന്നു കരാര്‍. കപ്പലുകള്‍ കിട്ടാന്‍ വൈകിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ നേവിയുടെ പിന്മാറ്റം.

രണ്ടാഴ്ച മുന്‍പാണ് കരാറില്‍ നിന്ന് നാവിക സേന പിന്മാറിയത്. എന്നാല്‍ ഇതേക്കുറിച്ച് ഇരുകൂട്ടരും ഇതേവരെ പ്രതികരിച്ചിട്ടില്ല. 2011 ലാണ് അഞ്ച് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഗുജറാത്ത് ആസ്ഥാനമായ നിഖില്‍ ഗാന്ധിയുടെ പിപാവാവ് ഡിഫന്‍സ് ആന്റ് ഓഫ്‌ഷോര്‍ എഞ്ചിനീയറിങ് ലിമിറ്റഡുമായി ഇന്ത്യന്‍ നേവി കരാര്‍ ഒപ്പിട്ടത്.

ഇതിന് ശേഷം 2015 ല്‍ റിലയന്‍സ് ഗ്രൂപ്പ് നിഖില്‍ ഗാന്ധിയുടെ കമ്പനിയെ ഏറ്റെടുത്തു. പിന്നീട് കമ്പനിയുടെ പേര് റിലയന്‍സ് നേവല്‍ ആന്റ് എഞ്ചിനീയറിങ് ലിമിറ്റഡ് എന്നാക്കി മാറ്റി. നിലവില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ നിയമക്കുരുക്കിലാണ് റിലയന്‍സ് കമ്പനി. ഇവര്‍ക്ക് 11000 കോടിയുടെ കടമുണ്ട്. ഐഡിബിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ കമ്പനിക്ക് സാധിച്ചില്ല.

റിലയന്‍സ് കമ്പനിയെ ഏറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ച് നിരവധി കമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ട്. എപിഎം ടെര്‍മിനല്‍, റഷ്യ ആസ്ഥാനമായ യുണൈറ്റഡ് ഷിപ് ബില്‍ഡിങ് കോര്‍പറേഷന്‍, ഹേസല്‍ മെര്‍ക്കന്റൈല്‍ ലിമിറ്റഡ്, അമേരിക്കന്‍ കമ്പനിയായ ഇന്ററപ്‌സ് തുടങ്ങി 12 ഓളം കമ്പനികളാണ് ആഗസ്റ്റില്‍ മാത്രം റിലയന്‍സ് കമ്പനിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്.
 

Follow Us:
Download App:
  • android
  • ios