മുംബൈ: ഇൻഡിഗോയും ഖത്തർ എയർവേയ്സും തമ്മിലുള്ള തന്ത്രപരമായ ബിസിനസ് സഖ്യ പ്രഖ്യാപനം വ്യാഴാഴ്ച ദില്ലിയിൽ നടക്കും. ഇതിൽ കോഡ്ഷെയർ ഉൾപ്പടെയുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ദേശീയ  മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇൻഡിഗോയുടെ കോ- പ്രൊമോട്ടർ രാഹുൽ ഭാട്ടിയയും ഖത്തർ എയർവേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അക്ബർ അൽ ബേക്കറും തമ്മിലുള്ള അടുത്ത ബന്ധം ബിസിനസിനെയും സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഇൻഡിഗോയുടെ സഹസ്ഥാപകനായ രാകേഷ് ഗംഗ്വാളുമായി ഭാട്ടിയ ദീർഘകാലമായി നിയമപോരാട്ടത്തിലാണ്. ഇത് നിക്ഷേപകരെ അസ്വസ്ഥരാക്കിയിരുന്ന വിഷയമാണ്. എന്നാൽ, പുതിയ പ്രഖ്യാപനം നിക്ഷേപകർക്ക് ആശ്വാസം പകരുന്നതാണ്. പ്രത്യേകിച്ചും ഖത്തർ എയർവേയ്‌സിന് ഇൻഡിഗോയിലേക്ക് ഇക്വിറ്റി പമ്പ് ചെയ്യാൻ കഴിയുന്ന സാഹചര്യത്തിൽ. 2019 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ
1,062 കോടി ഡോളർ നഷ്ടത്തിലാണ് ഇൻഡിഗോ. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയാണ് ഇന്‍ഡിഗോ. പുതിയ കൂട്ടുകെട്ട് ഉണ്ടാകുന്നതോടെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. 

ആഭ്യന്തര വിമാനക്കമ്പനികളിൽ 49 ശതമാനം വിദേശ ഓഹരി ഇന്ത്യ അനുവദിക്കുന്നുണ്ട്. എന്നാൽ, രണ്ട് മുതൽ മൂന്ന് ശതമാനം വരെ ഓഹരിയാണ് ഇൻഡിഗോ വിൽക്കാൻ തയ്യാറായിട്ടുള്ളത്. ഇത്രയു ചെറിയ ഓഹരി വാങ്ങാൻ തയ്യാറല്ലെന്ന് ബേക്കർ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞത് 10-15 ശതമാനം വരെ ഓഹരി വേണം.

ഓഹരി വിൽപ്പനയും കൂടുതൽ റൂട്ടുകൾ അനുവദിക്കപ്പെടുന്നതുമൊക്കെ ഇൻഡിഗോയ്ക്ക് ഗുണം ചെയ്യും. സെപ്റ്റംബറിൽ ഖത്തർ എയർവേയ്‌സ് 639 മില്യൺ ഡോളറാണ് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. ഉയർന്ന ഇന്ധനച്ചെലവ്, വിദേശനാണ്യ വിനിമയ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് ഇതിന്റെ പ്രധാന കാരണം. ഇവ ഇൻഡിഗോയ്ക്കും ബാധകമാണ്. രണ്ട് എയർലൈനുകളുടെയും സാമ്പത്തിക ആരോഗ്യം അത്ര മികച്ചതല്ലാത്തതിനാൽ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന പ്രഖ്യാപനങ്ങൾ ആയിരിക്കും ഉണ്ടാവുക.