ബെംഗളൂരു: ഉയർന്ന റാങ്കിലുള്ള ജീവനക്കാരെ ഇൻഫോസിസ് ജോലിയിൽ നിന്ന് പിരിച്ചുവിടും. സീനിയർ മാനേജർ, അസോസിയേറ്റ്സ് തുടങ്ങിയ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവർക്കാണ് തൊഴിൽ നഷ്ടപ്പെടുക. സീനിയർ മാനേജർ‌മാർക്കുള്ള തൊഴിൽ കോഡായ ജെ‌എൽ‌ 6 ബാൻ‌ഡിൽ‌ നിന്ന് 10% ജീവനക്കാരെയാണ് പിരിച്ചുവിടുക.  2,200 പേർക്ക് തൊഴിൽ നഷ്ടപ്പെടും. ജെഎൽ 6,7,8 എന്നീ തൊഴിൽ കോഡിൽ 30,092 ജീവനക്കാരുണ്ട്.

അസോസിയേറ്റ്സ് ഉൾപ്പെടുന്ന ജെ‌എൽ 3 മുതൽ താഴേത്തട്ടിലുള്ളതും, ജെ‌എൽ 4,5 ഉൾപ്പെടുന്ന മിഡിൽ തലങ്ങളിലെയും തൊഴിലാളികളുടെ എണ്ണം കുറയ്ക്കും. രണ്ട് മുതൽ അഞ്ച് ശതമാനം പേരെ ജോലിയിൽ നിന്ന് പിരിച്ചുവിടും. അതായത് 4,000-10,000 വരെ
ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. അസോസിയേറ്റ് ബാൻഡിൽ 86,558 ഉം, മിഡിൽ ബാൻഡിൽ 110,502 ലക്ഷം ജീവനക്കാരുമാണുള്ളത്.

അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സീനിയർ വൈസ് പ്രസിഡന്റുമാർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ 971 ടൈറ്റിൽ ഹോൾഡർമാരിൽ 50 ഓളം പേർക്ക് ജോലി നഷ്ടപ്പെടും.

ജോലിയിലെ പ്രകടനം കണക്കിലെടുത്ത് മുമ്പ് ആളുകളെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ഇത്രയും ഉയർന്ന തോതിലുള്ള കൂട്ട പിരിച്ചുവിടൽ സമീപകാലത്തുണ്ടായിട്ടില്ല. സമാനമായ രീതിയിൽ മാസങ്ങൾക്ക് മുമ്പ് കൊഗ്നിസന്റ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.