മുംബൈ: യുഎസ് സർക്കാർ ഏർപ്പെടുത്തിയ എച്ച് -1 ബി വിസ നിരോധനത്തെത്തുടർന്നുണ്ടാകുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ തയ്യാറാണെന്ന് ഇൻഫോസിസ് ലിമിറ്റഡ്. “ശക്തമായ പ്രാദേശികവൽക്കരണ തന്ത്രം” ഉപയോഗിച്ച് ഈ വെല്ലുവിളി നേരിടുമെന്നാണ് കമ്പനി പറയുന്നത്. 

39-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് കമ്പനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “കഴിഞ്ഞ 24 മാസത്തിനുള്ളിൽ, യുഎസിൽ പ്രാദേശികവൽക്കരണം ഞങ്ങൾ നടപ്പാക്കി, പതിനായിരത്തിലധികം യുഎസ് പൗരന്മാരെയോ സ്ഥിര താമസക്കാരെയോ റിക്രൂട്ട് ചെയ്യുകയും വിസയെ ആശ്രയിക്കുന്നതിനെ ഗണ്യമായി കുറയ്ക്കുകയും ചെയ്തു,” ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ യു ബി പ്രവീൺ റാവു പറഞ്ഞു. 

സീനിയർ മാനേജ്‌മെന്റ് സ്റ്റാഫുകളിൽ 78% പേരെയും കഴിഞ്ഞ സാമ്പത്തിക വർഷം പ്രാദേശിക തലത്തിൽ നിന്നാണ് നിയമിച്ചതെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. “പ്രാദേശിക നിയമന രീതികൾ ശക്തിപ്പെടുത്തുന്നതിനും ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രാദേശിക തലത്തിൽ നിന്നുള്ള സീനിയർ മാനേജ്‌മെന്റ് ജോലിക്കാരുടെ അനുപാതം തുടർച്ചയായി വർധിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” ഇൻഫോസിസ് 2020 ലെ വാർഷിക സുസ്ഥിരതാ റിപ്പോർട്ടിൽ പറഞ്ഞു.