കൊച്ചി: സംസ്ഥാനത്ത് പ്രകൃതിവാതക ഇന്ധന വിതരണം വിപുലപ്പെടുത്താനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. രണ്ട് വർഷത്തിനുള്ളിൽ 200 സിഎൻജി സ്റ്റേഷനുകൾ തുറക്കുമെന്നാണ് പ്രഖ്യാപനം. ഉടൻ തന്നെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇലക്ട്രിക് ചാർജ്ജിംഗ് കേന്ദ്രങ്ങള്‍ തുറക്കാനാണ് ഐഒസിയുടെ പദ്ധതി.

സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്നത് ആറ് സിഎൻജി പമ്പുകൾ മാത്രമാണ്. ഇതിനോടൊപ്പം 20 എണ്ണം അധികം വൈകാതെ പ്രവർത്തനം തുടങ്ങും. തിരുവനന്തപുരത്തും, തൃശൂരുമാണ് സിഎൻജി പമ്പുകൾ ഉടൻ വരിക. രണ്ട് വർഷത്തിൽ സംസ്ഥാനത്തെ സിഎൻജി പമ്പുകളുടെ എണ്ണം 200 ആകുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.

രണ്ട് എണ്ണത്തിൽ നിന്ന് ഇലക്ട്രോണിക് ചാർജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണവും ഏപ്രിൽ മാസത്തിനുള്ളിൽ 14 എണ്ണമാക്കി ഉയർത്തും. റീട്ടെയിൽ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിന് 500 കോടി രൂപയുടെ നിക്ഷേപിക്കും. സംസ്ഥാനത്തെ ഇന്ധന വിതരണത്തിൽ 43 ശതമാനവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 17,000 കോടി രൂപയുടെ വിറ്റുവരാണ് ഐഒസിക്ക് സംസ്ഥാനത്തുണ്ടായത്.