ദില്ലി: ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ‌ആർ‌സി‌ടി‌സി) 2020 മാർച്ച് 31 ന് അവസാനിച്ച ത്രൈമാസത്തിൽ 79.3 ശതമാനം അറ്റാദായത്തിൽ വർധന രേഖപ്പെടുത്തി.

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അറ്റാദായം 150.6 കോടി രൂപയാണ്. മുൻ‌വർഷം സമാന കാലയളവിൽ ഇത് 84 കോടി രൂപയായിരുന്നു.

എന്നാൽ, ഡിസംബർ പാദത്തിൽ ഐആർസിടിസിയുടെ അറ്റാദായം 206 കോടി രൂപയായിരുന്നു. ഡിസംബർ പാദത്തെ അടിസ്ഥാനമാക്കുമ്പോൾ അറ്റാദായത്തിൽ 26.6 ശതമാനം ഇടിവ് രേഖപ്പെടുത്തി, ഇത് മാർച്ച് അവസാന വാരത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കൊറോണ വൈറസ് ലോക്ക്ഡൗൺ മൂലം ആയിരിക്കാമെന്നാണ് വിപണി നിരീക്ഷരുടെ പ്രാഥമിക വിലയിരുത്തൽ. 

ഐ‌ആർ‌സി‌ടി‌സിയുടെ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 18 ശതമാനം വർദ്ധിച്ച് 587 കോടി രൂപയായി. 2019 മാർച്ചിൽ ഇത് 498 കോടി രൂപയായിരുന്നു. ഒരു ഓഹരിക്ക് 2.50 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.