മുംബൈ: കമ്പനി ഓഹരിയുടെ ഒരു ഭാഗം വിൽക്കാൻ സർക്കാർ ബിഡ്ഡുകൾ ക്ഷണിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ഐആർസിടിസി ഓഹരികൾ ഒരു ശതമാനം ഉയർന്നു. നിക്ഷേപ, പൊതു അസറ്റ് മാനേജ്മെൻറ് വകുപ്പ് (ഡിപാം) ഇക്കാര്യത്തിൽ പ്രൊപ്പോസലിനായി  ഔദ്യോഗിക അഭ്യർത്ഥന (ആർ എഫ് ഒ) പുറപ്പെടുവിച്ചു. ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ്, ടിക്കറ്റിംഗ് സേവന വിഭാഗമാണ് ഐആർസിടിസി (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ). ഐആർസിടിസിയുടെ ഓഹരി വില 0.90 ശതമാനം ഉയർന്ന് കഴിഞ്ഞ ദിവസം 1,359 രൂപയിലെത്തി.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചട്ടങ്ങൾ അനുസരിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി കേന്ദ്ര സര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) രീതിയിലാണ് ഐആര്‍സിടിസിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്.

ഔദ്യോ​ഗിക അഭ്യർത്ഥന അനുസരിച്ച്, വ്യാപാരി ബാങ്കർമാർ സെപ്റ്റംബർ 10 നകം ബിഡ് സമർപ്പിക്കേണ്ടതുണ്ട്.

നിലവിൽ സർക്കാരിന് ഐആർസിടിസിയിൽ 87.40 ശതമാനം ഓഹരിയുണ്ട്. ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ പബ്ലിക് ഹോൾഡിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനിയിലെ ഓഹരി സർക്കാർ 75 ശതമാനമായി കുറയ്ക്കണം. ഇതിന്റെ ഭാ​ഗമായാണ് പുതിയ ഓഹരി വിൽപ്പന.