Asianet News MalayalamAsianet News Malayalam

തുടർന്നും വീട്ടിലിരുന്ന് ജോലി ചെയ്യാം: പുതിയ അവസരങ്ങളുമായി വര്‍ക്ക് നിയര്‍ ഹോം; തൊഴിൽ രം​ഗത്തെ വലിയ മാറ്റങ്ങൾ

വര്‍ക്ക് ഷെയറിംഗ് ബെഞ്ചുകള്‍, വര്‍ക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, കോ-വര്‍ക്കിംഗ് സ്പേസസുകൾ എന്നിവ കമ്പനികളെ സംബന്ധിച്ച് തങ്ങളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായകരമായ എച്ച് ആർ മോഡലുകളാണ്. 

it companies may continue work from home work near home models as a post covid hr policy
Author
Thiruvananthapuram, First Published Oct 21, 2020, 5:10 PM IST

കൊവിഡ് പ്രതിസന്ധികൾക്ക് ശേഷവും ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം സംവിധാനം തുടർന്നേക്കുമെന്ന് വിദ​ഗ്ധർ. കൊവിഡിന് ശേഷവും 25 മുതൽ 30 ശതമാനം വരെ ജീവനക്കാരെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനത്തിൽ തുടരാൻ കമ്പനികൾ അനുവദിച്ചേക്കുമെന്നാണ് എച്ച്ആർ മാനേജ്മെന്റ് രം​ഗത്തെ വിദ​ഗ്ധർ പറയുന്നത്. വർക്ക് ഫ്രം ഹോം സംവിധാനത്തിൽ പ്രവർത്തിച്ച മിക്ക കമ്പനികൾക്കും 85 ശതമാനം വരെ ഉൽപ്പാദനക്ഷമത കൈവരിക്കാനായി എന്നാണ് കണക്കാക്കുന്നത്. ഇതാണ് കമ്പനികളെ തൊഴിൽ രം​ഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന തീരുമാനങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഘടകം. 

കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ന​ഗരങ്ങളിലുമുളള മിക്ക ഐടി പാർക്കുകളിലും ഇപ്പോഴും ചെറിയ ശതമാനം ജീവനക്കാർ മാത്രമാണ് തൊഴിൽ സ്ഥലത്തേക്ക് സ്ഥിരമായി എത്തുന്നത്. കൊവിഡ് പ്രതിസന്ധികൾ അവസാനിക്കുന്നതോടെ വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, വർക്ക് ഫ്രം ഓഫീസ് എന്നിവ സംയോജിപ്പിച്ച് കൊണ്ടുളള ഒരു ഹൈബ്രിഡ് തൊഴിൽ സംസ്കാരത്തിലേക്ക് രാജ്യത്തെ സേവന മേഖല നീങ്ങിയേക്കും. 

വീടിനടുത്ത് ജോലി

തൊഴിൽപരമായ യോ​ഗങ്ങൾ, ക്ലൈന്റ് മീറ്റിം​ഗുകൾ, തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമായി ഓഫീസിൽ എത്തുകയും ബാക്കിയുളള ദിവസങ്ങളിൽ വീടുകളിലോ വീടുകൾക്ക് സമീപമുളള ഇന്റർനെറ്റ് അടക്കമുളള അടിസ്ഥാന സൗകര്യങ്ങളുളള ഇടങ്ങളിൽ (വർക്ക് നിയർ ഹോം) ഇരുന്നോ ജോലി ചെയ്യാനുളള അവസരം ഐടി അടക്കമുളള സേവന മേഖലയിലെ ജീവനക്കാർക്ക് ലഭിച്ചേക്കുമെന്നാണ് മാനേജ്മെന്റ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് മുന്നിൽക്കണ്ട്, വീടുകളിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കുമുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിന് വെര്‍ച്വലും ഭൗതികവുമായ 'വര്‍ക്ക് നിയര്‍ ഹോം' (വീടിനടുത്ത് ജോലി), കോ-വര്‍ക്കിംഗ് സ്പേസ് ശൃംഖലകള്‍ രൂപീകരിക്കാന്‍ സർക്കാരും സംസ്ഥാനത്തെ ഐടി പാർക്കുകളും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. വർക്ക് നിയർ ഹോം, കോ-വര്‍ക്കിംഗ് സ്പേസസുകൾ എന്നിവ വലിയ നിക്ഷേപ സാധ്യതകളുളള മേഖലകളായാണ് വിലയിരുത്തപ്പെടുന്നത്.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഐടി മേഖലയിലുള്ളവര്‍ക്ക് ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് ഇന്‍റര്‍നെറ്റ് കണക്ഷന്‍  മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. മനുഷ്യശേഷി സമാഹരിക്കുന്നതിനായി വര്‍ക്ക് ഷെയറിംഗ് ബെഞ്ചുകള്‍ കമ്പനികള്‍ക്ക് രൂപീകരിക്കാമെന്ന് സർക്കാർ നേരത്തെ നിര്‍ദേശിച്ചിക്കുകയും ചെയ്തിരുന്നു. വര്‍ക്ക് ഷെയറിംഗ് ബെഞ്ചുകള്‍, വര്‍ക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, കോ-വര്‍ക്കിംഗ് സ്പേസസുകൾ എന്നിവ കമ്പനികളെ സംബന്ധിച്ച് തങ്ങളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സഹായകരമായ എച്ച് ആർ മോഡലുകളാണ്. 

വരാനിരിക്കുന്നത് വലിയ സാധ്യതയുടെ നാളുകൾ

വരും നാളുകളിൽ കമ്പനികൾ ഐടി പാർക്കുകളിലെ ഓഫീസ് സ്പേസിൽ നിശ്ചിത ശതമാനം തിരികെ നൽകുകയോ, ഒഴിയുകയോ ചെയ്തേക്കും. നിലവിൽ കേരളത്തിലെ ഐടി രംഗത്ത് 1,10,000 പേർ തൊഴിലെടുക്കുന്നതായാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ 3.30 ലക്ഷം പേർക്ക് പരോക്ഷമായും ഈ മേഖല തൊഴിൽ നൽകുന്നുണ്ട്.   

സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലെ വര്‍ദ്ധനയും ബഹിരാകാശ സാങ്കേതിക വിദ്യ, റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ  നൂതന മേഖലകളും കോ-വര്‍ക്കിംഗ് സ്പേസുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ത്തും. ഈ വര്‍ഷം അവസാനത്തോടെ കേരള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയായ കെ-ഫോണ്‍ കമ്മീഷന്‍ ചെയ്യുന്നതിലൂടെ സംസ്ഥാന ഐടി മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കും. ഇത് കേരളത്തെ സംബന്ധിച്ച് സേവന മേഖലയിൽ ​ഗുണപരമായ മുന്നേറ്റത്തിന് സഹായകരമായിരിക്കും.  

Follow Us:
Download App:
  • android
  • ios