കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ലക്ഷം കിലോഗ്രാം റിപ്പിള്‍ തേയിലയാണ് കമ്പനി കേരളത്തില്‍ വിറ്റഴിച്ചത്. 

മൂന്നാർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തേയില കമ്പനിയും റിപ്പിള്‍ ടീ ബ്രാന്‍ഡിന്റെ ഉല്‍പ്പാദകരുമായ കണ്ണന്‍ ദേവന്‍ ഹിൽസ് പ്ലാന്റേഷൻസ് (കെഡിഎച്ച്പി) കമ്പനി പോയ വര്‍ഷം 25.62 കോടി രൂപ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 429.82 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനിക്കുണ്ടായത്. മുന്‍ വര്‍ഷത്തെക്കാള്‍ 19 ശതമാനം വര്‍ധനയാണ് കമ്പനിക്കുണ്ടായത്.

ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ അസോസിയേറ്റ് കമ്പനിയാണ് കെഡിഎച്ച്പി. 28 ശതമാനം ഓഹരി വിഹിതമാണ് ടാറ്റയ്ക്ക് കമ്പനിയിലുളളത്. കമ്പനിയിലെ ജീവനക്കാരും കണ്ണന്‍ ദേവനില്‍ ഓഹരി ഉടമകളാണ്. 

ഇക്കുറി തൊഴിലാളികള്‍ക്ക് 16 ശതമാനം ബോണസും ഓഹരി ഉടമകള്‍ക്ക് 12 ശതമാനം ലാഭവിഹിതവും നല്‍കി. പോയ വര്‍ഷം ബോണസ് ആയി നല്‍കിയത് 12 ശതമാനവും ലാഭവിഹിതം ആറ് ശതമാനവും ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തേയില വിലയിലുണ്ടായ വര്‍ധനയാണ് ലാഭം വര്‍ധിക്കാന്‍ കാരണമെന്ന് കെഡിഎച്ച്പി മാനേജിംഗ് ഡയറക്ടര്‍ കെ മാത്യു എബ്രഹാം പറഞ്ഞു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ലക്ഷം കിലോഗ്രാം റിപ്പിള്‍ തേയിലയാണ് കമ്പനി കേരളത്തില്‍ വിറ്റഴിച്ചത്. റിപ്പിള്‍ തേയിലയുടെ വിതരണം തമിഴ്‌നാട്ടില്‍ വര്‍ധിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona