Asianet News MalayalamAsianet News Malayalam

ജെഎസ്ഡബ്ല്യു സ്റ്റീൽസിന് 3,667 ഏക്കർ ഭൂമി വിൽക്കാനുള്ള തീരുമാനം കർണാടകം നിർത്തിവെച്ചു

ഈ വിഷയത്തിൽ നിരവധി കേസുകളാണ് നിലവിലുള്ളത്. സുപ്രീം കോടതിയിൽ അപ്പീൽ ഹർജിയുണ്ട്. ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയും ഉണ്ട്. ഇതിലെല്ലാം ഉണ്ടാകുന്ന തീരുമാനം നോക്കിയായിരിക്കും വിഷയത്തിലെ തുടർ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Karnataka government puts on hold the decision sell land to jsw steel
Author
Bengaluru, First Published May 27, 2021, 11:34 PM IST

ബെംഗളൂരു: ബെല്ലാരി ജില്ലയിലെ 3,667 ഏക്കർ ഭൂമി ജെഎസ്ഡബ്ല്യു സ്റ്റീൽസിന് വിൽക്കാനുള്ള തീരുമാനം കർണാടക സർക്കാർ നിർത്തിവെച്ചു. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് അകത്ത് തന്നെയുള്ള എതിരഭിപ്രായങ്ങളും കോടതിയിലെത്തിയ കേസുകളുമാണ് തീരുമാനത്തിന് കാരണം. 

ജിൻഡൽ ഗ്രൂപ്പിന് ഭൂമി നൽകാനുള്ള മുൻ മന്ത്രിസഭ തീരുമാനത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അന്തിമ അനുമതി നൽകിയില്ലെന്നും അതിനാൽ നടപടി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും സംസ്ഥാന നിയമ പാർലമെന്ററി കാര്യ മന്ത്രി ബസവരാജ് ബൊമ്മയ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈ വിഷയത്തിൽ നിരവധി കേസുകളാണ് നിലവിലുള്ളത്. സുപ്രീം കോടതിയിൽ അപ്പീൽ ഹർജിയുണ്ട്. ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയും ഉണ്ട്. ഇതിലെല്ലാം ഉണ്ടാകുന്ന തീരുമാനം നോക്കിയായിരിക്കും വിഷയത്തിലെ തുടർ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ഏപ്രിൽ 26 ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഭൂമി വിൽക്കാൻ തീരുമാനിച്ചത്. മുൻപ് പ്രതിപക്ഷത്തായിരിക്കുമ്പോൾ ബിജെപി തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. 2019 ൽ ഈ തീരുമാനം കോൺഗ്രസ് - ജെഡിഎസ് സർക്കാരിന്റേതായിരുന്നു. അന്നിത് വലിയ വിവാദമാവുകയും വിഷയം പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നിയോഗിക്കുകയും ചെയ്തു. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 

ഏക്കറിന് 1.22 മുതൽ 1.50 ലക്ഷം വരെ തുക നിശ്ചയിച്ചുള്ള വിൽപ്പന നീക്കം വൻ കൊള്ളയാണെന്നായിരുന്നു അന്ന് ബിജെപി വിമർശിച്ചത്. ബിജെപി അധികാരത്തിലെത്തിയ ശേഷം ഈ വിഷയം വീണ്ടും വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിക്ക് വിടുകയും അവർ ഭൂമി വിൽക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

എന്നാൽ നാല് ബിജെപി എംഎൽഎമാർ തീരുമാനത്തെ എതിർത്ത് മുഖ്യമന്ത്രിക്ക് കത്തെഴുതി. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ തീരുമാനം ബിജെപിയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിനും തിരിച്ചടിയാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. 

2005 ൽ കമ്പനിക്ക് 2000.58 ഏക്കർ ഭൂമി ലീസിന് സർക്കാർ അനുവദിച്ചിരുന്നു. 2007 ൽ 1666 ഏക്കർ കൂടി ലീസായി അനുവദിച്ചിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios