Asianet News MalayalamAsianet News Malayalam

വ്യാജ സര്‍ട്ടിഫിക്കറ്റുകളെ പടിക്ക് പുറത്ത് നിര്‍ത്താന്‍ പുത്തന്‍ സങ്കേതവുമായി കെബിഎ വരുന്നു !

വിവരസാങ്കേതികവിദ്യയിലെ ഏറ്റവും നൂതനമായ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ളതുമായ ഈ സര്‍ട്ടിഫിക്കേഷന്‍ തുടക്കമെന്ന നിലയില്‍ കെബിഎ-യുടെ സര്‍ട്ടിഫിക്കറ്റുകളിലാണ് ഉപയോഗിക്കുന്നത്. 

KBA develops solution to make course certificates tamper proof
Author
Thiruvananthapuram, First Published Sep 19, 2019, 10:38 AM IST

തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും തലവേദന സൃഷ്ടിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയാന്‍ കേരള ബ്ലോക്ചെയിന്‍ അക്കാദമി (കെബിഎ) ബ്ലോക്ചെയിന്‍ അധിഷ്ഠിത സര്‍ട്ടിഫിക്കേഷനു തുടക്കമിട്ടു. 

ഇന്ത്യയിലാദ്യമായാണ് ഒരു സര്‍ക്കാര്‍ പഠന-ഗവേഷണ സ്ഥാപനം ഈ നൂതന സാങ്കേതികവിദ്യയിലൂടെ വ്യാജസര്‍ട്ടിഫിക്കറ്റുകളെ നേരിടാന്‍ പരിഹാരമാര്‍ഗം കണ്ടുപിടിക്കുന്നത്. ക്യുആര്‍കോഡിനു പുറമെ  യുണീക്ക് ടൈം സ്റ്റാംപ്, ബ്ലോക് നമ്പര്‍ എന്നിവ തിരിച്ചറിയല്‍ മുദ്രകളായി സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിക്കും. 

വിവരസാങ്കേതികവിദ്യയിലെ ഏറ്റവും നൂതനമായ ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ളതുമായ ഈ സര്‍ട്ടിഫിക്കേഷന്‍ തുടക്കമെന്ന നിലയില്‍ കെബിഎ-യുടെ സര്‍ട്ടിഫിക്കറ്റുകളിലാണ് ഉപയോഗിക്കുന്നത്. പിന്നീട് വ്യാപകമായി ഈ സാങ്കേതികവിദ്യ മറ്റു സ്ഥാപനങ്ങള്‍ക്കു നല്‍കും. അതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. 

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഐഐടിഎം-കെയുടെ കീഴിലുള്ള ബ്ലോക്ചെയിന്‍ പഠന- ഗവേഷണ സ്ഥാപനമായ കെബിഎ സ്വന്തമായാണ് ഈ സര്‍ട്ടിഫിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ക്രമക്കേടുകള്‍ക്ക് സാധ്യതയില്ലാത്തുമായ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിക്കാനോ അവയില്‍ തിരുത്തലുകള്‍ വരുത്താനോ കഴിയുകയില്ല. വിദേശത്തും മറ്റും തൊഴില്‍ തേടിയും ഉപരിപഠനത്തിനായും പോകുന്നവരുടെ  ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുണ്ടായിരിക്കും. ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കുകയും ചെയ്യും. 
 
തൊഴിലുടമകള്‍ക്കും സ്ഥാപന മേലധികാരികള്‍ക്കും മറ്റും സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍റ് ചെയ്തിരിക്കുന്ന ക്യുആര്‍കോഡ് സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് ഇതിന്‍റെ ആധികാരികത മനസ്സിലാക്കാനാകും. ലോകത്തെവിടെയാണെങ്കിലും യുണീക്ക് ടൈം സ്റ്റാംപും ബ്ലോക് നമ്പറും ഉപയോഗിച്ച്  തിരിച്ചറിയാനും സാധിക്കും. അതേസമയം  ഉദ്യോഗാര്‍ത്ഥികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാനുമാവും. 

കെബിഎ-യില്‍ സര്‍ട്ടിഫൈഡ് ബ്ലോക്ചെയിന്‍ അസോസിയേറ്റ് പ്രോഗ്രാം അടുത്തിടെ പൂര്‍ത്തിയാക്കിയ വാരാന്ത്യ ബാച്ചിനാണ് ആദ്യമായി ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയത്. കെബിഎയുടെ മുന്‍ ബാച്ചുകളിലെ ആയിരിത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios