കൊച്ചി: അഴിമതി ഏറ്റവും കുറഞ്ഞ, സംഘര്‍ഷമില്ലാത്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനം, ജീവനക്കാരുടേയും തൊഴിലാളികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം, ഇതിനായി പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപസംഗമം അസെന്‍ഡിന്‍റെ രണ്ടാം ലക്കത്തിന്  തുടക്കം കുറിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്‍റ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. 

പ്രളയത്തിന് ശേഷം നവകേരളം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്കാണ് കേരളം ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് നിക്ഷേപം വർധിപ്പിക്കുന്ന നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയജലപാത ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഇതോടെ കോവളത്തു  നിന്നും ബേക്കൽ വരെ ഈ വർഷം ബോട്ടിൽ സഞ്ചരിക്കാനാകും. സെമി ഹൈസ്പീഡ് റെയിൽ പദ്ധതി പുരോഗമിക്കുകയാണ്.  4 മണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവന്തപുരത്ത് എത്താന്‍ ഇതിലൂടെ സാധിക്കും. ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ റോഡുകളും നവീകരിച്ച് നല്ലനിലയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ പാത വികസനം പൂര്‍ത്തിയാക്കും. മലയോര തീരദേശഹൈവേകള്‍ പൂര്‍ത്തിയാക്കും. ശബരിമല എയര്‍പോര്‍ട്ട് ആരംഭത്തിനുള്ള നടപടികളും ആരംഭിച്ചു.  സംഘര്‍ഷമില്ലാത്ത ക്രമസമാധാനപാലനമുള്ള സംസ്ഥാനമായി കേരളം മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ രണ്ടായിരത്തിലധികം സ്റ്റാർട്ടപ്പുകൾ തുടങ്ങും. ഇതിലൂടെ 30000 പേര്‍ക്ക് ജോലി ലഭിക്കും. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്നും അതിവേഗ ഇന്‍റര്‍നെറ്റ് നടപ്പിലാക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസം മേഖലയിൽ സൗകര്യം കൂടണം. എല്ലാ ഗ്രാമങ്ങളും ടൂറിസം കേന്ദ്രങ്ങളായി മാറണം. തൊഴിൽരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണം.ഇവര്‍ക്ക് സംസ്ഥാനത്ത് തന്നെ  തൊഴിൽ നൽകാൻ സാധിക്കണം. മാനേജ്‌മന്റ് തൊഴിലാളി സമിതി ബിപിസിഎല്‍ മാതൃക നടപ്പാക്കാം. തർക്കം വന്നാൽ ഇത്തരം സമിതി സഹായകമാകും. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശം സംരക്ഷിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. ഇക്കാര്യങ്ങള്‍ ട്രിബ്യൂണലുകളുമായി ചർച്ച ചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ നിക്ഷേപകരോട് നിസ്സഹകരണ മനോഭാവം എന്നു പരാതി ഉണ്ട്. ഇതില്ലാതാകണം. തദ്ദേശ സ്ഥാപനങ്ങൾ തൊഴിൽ ലഭ്യമാകുന്ന പദ്ധതി നടപ്പാക്കും. 8 മീറ്റർ വീതിയുള്ള റോഡ് ഉള്ളിടങ്ങളിലും 18000 ചതുരശ്ര മീറ്റർ കെട്ടിടം പണിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫാക്ടറികളിൽ സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി എടുക്കാൻ സൗകര്യം ഒരുക്കും. യാത്ര സൗകര്യം തൊഴിൽ ഉടമ ഒരുക്കും. തൊഴിലാളിയെ അടിസ്ഥാനപ്പെടുത്തി മാസം പ്രതി സബ്‌സിഡി സർക്കാർ നൽകും. ഏപ്രിൽ 2020 മുതൽ 5 വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനിക്ക് ഇതിനുള്ള അവസരം ഉണ്ടാകും. പുരുഷ തൊഴിലാളിയെക്കാൾ 2000 രൂപ സ്ത്രീ തൊഴിലാളിക്ക് കിട്ടും. ഇതിന്‍റെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.