Asianet News MalayalamAsianet News Malayalam

ഒരു 'മേയ്ക് ഇൻ കേരള' പദ്ധതി: അടുക്കളകളിൽ ഉപയോഗിച്ച എണ്ണ ഇനി 'ഡീസൽ'; ആദ്യ പ്ലാന്റ് ഉടൻ തുറക്കും

ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് കമ്പനി ന്യൂട്രൽ ഫ്യുവൽസ് പ്രൈവറ്റ് ലിമിറ്റഡ്, എറിഗോ ബയോഫ്യുവൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ചേർന്നാണ് പ്ലാന്റ് നിർമ്മിക്കുന്നത്

Kerala first biodiesel plant to open in Kasaragod waste oil from kitchen soon to become fuel
Author
Thiruvananthapuram, First Published Sep 19, 2021, 8:41 PM IST

ഇത്രയും കാലം കേരളത്തിൽ അടുക്കളയ്ക്കൊരു ഭാരമായി കിടന്ന ഉപയോഗിച്ച ഭക്ഷ്യ എണ്ണ, ഇനി സംസ്ഥാനത്തിന്റെ പെരുമയുയർത്തുന്ന ബയോഡീസലാകും. കേരളത്തിലെ ആദ്യത്തെ ബയോഡീസൽ പ്ലാന്റ് കാസർകോട് ജില്ലയിൽ ഡിസംബറോടെ യാഥാർത്ഥ്യമാകും. അതോടെ സംസ്ഥാനത്തെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ശേഖരിക്കുന്ന ഉപയോഗിച്ച ഭക്ഷ്യ എണ്ണ ഏറ്റവും പ്രകൃതി സൗഹൃദമായ ബയോഡീസലെന്ന ഉൽപ്പന്നമായി മാറും.


കാസർകോട് ജില്ലയിലെ കുമ്പള അനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഇന്റസ്ട്രിയൽ പാർക്കിലാണ് സംസ്ഥാനത്തെ ആദ്യത്തെ ബയോഡീസൽ പ്ലാന്റ് യാഥാർത്ഥ്യമാകുന്നത്. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന, കാൾ വില്ല്യം ഫീൽഡർ നയിക്കുന്ന ബ്രിട്ടീഷ് കമ്പനി ന്യൂട്രൽ ഫ്യുവൽസ് പ്രൈവറ്റ് ലിമിറ്റഡ്, ഒരു മലയാളി സംരംഭം കൂടിയായ എറിഗോ ബയോഫ്യുവൽസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ സിഎച്ച് ഹക്സർ, മുഹമ്മദ് അഷ്‌റഫ്, ഗഫൂർ ചാത്തോത്ത് , ഭരണിനാഥൻ സമ്പത്ത് എന്നിവരാണ് ഈ പദ്ധതിക്ക് പിന്നിൽ. എറിഗോ ബയോഫ്യുവൽസ് മാനേജിങ് ഡയറക്ടറായ ഹക്സറിനെ സമ്മർദ്ദമാണ് ന്യൂട്രൽ ഫ്യുവൽസ് കമ്പനിയെ കേരളത്തിലെത്തിച്ചത്. ഒമാനിൽ ഇരുകമ്പനികളും തമ്മിലുള്ള ബിസിനസ്‌ ബന്ധം അതിന് കരുത്തായി.  അഞ്ച് കോടി രൂപ ഒന്നാം ഘട്ടത്തിൽ മുതൽമുടക്കുന്ന കമ്പനി കാസർകോടിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ പുരോഗതിയിൽ മികച്ച പങ്ക് വഹിക്കാനാവുന്ന ഒന്നാണെന്ന് ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജറുടെ ചുമതല വഹിക്കുന്ന സജിത്ത്കുമാർ പറഞ്ഞു.

ബയോഡീസൽ എന്ത്?

പെട്രോളിയം ഉൽപ്പന്നമായ ഡീസൽ ഏറെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന സാഹചര്യത്തിൽ, ഇതിന് ബദലായി ഉപയോഗിക്കാവുന്ന ഉൽപ്പന്നമാണ് ബയോഡീസൽ. സസ്യജന്യമോ ജന്തുജന്യമോ ആയ കൊഴുപ്പിൽ ആൽകഹോൾ പ്രതി പ്രവർത്തിപ്പിച്ച് ബയോഡീസൽ ഉണ്ടാക്കും. ഇന്ന് ലഭ്യമായ ഏറ്റവും നല്ല പരിസ്ഥിതി സൗഹൃദ പാരമ്പര്യേതര ഇന്ധനമാണിത്. 'പെട്രോളിയം ഡീസലിൽ കലർത്തിയും ഇത് ഉപയോഗിക്കുന്നുണ്ട്. 75 ശതമാനം പെട്രോളിയം ഡീസലും 25 ശതമാനം ബയോഡീസലും എന്ന അനുപാതത്തിലാണ് എണ്ണക്കമ്പനികൾ ഇതുൽപ്പാദിപ്പിക്കുന്നത്. കേരളത്തിൽ ബയോഡീസൽ ഉൽപ്പാദനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്,'- സജിത്ത്കുമാർ പറഞ്ഞു.

കുടുംബശ്രീയും ഹരിതകർമസേനയും ഭാഗമാകും

ഏഴ് ലോകരാഷ്ട്രങ്ങളിലായി ഇരുകമ്പനികളും വെവ്വേറെ പ്രവർത്തിപ്പിച്ച് വിജയിച്ച വ്യവസായ മാതൃകയാണ് കമ്പനികൾ കേരളത്തിലും അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഭാവിയിൽ കുടുംബശ്രീയും ഹരിതകർമ്മസേനയും സ്കൂൾ കുട്ടികളും വരെ ഭാഗമാക്കി പുതിയൊരു ആരോഗ്യകേരളം സൃഷ്ടിക്കാനും തങ്ങൾക്ക് സാധിക്കുമെന്ന് ഹക്സർ പറയുന്നു.

'കേരളത്തിലെ 14 ജില്ലകളിൽ നിന്നും ഞങ്ങൾ എണ്ണ ശേഖരിക്കും. അതിനായി സ്വന്തം വണ്ടികളും ജീവനക്കാരും ഞങ്ങൾക്കുണ്ട്. ഭാവിയിൽ കുടുംബശ്രീയുടെയും ഹരിതകർമ സേനയുടെയും സഹകരണത്തോടെ വീടുകളിൽ നിന്ന് എണ്ണ ശേഖരിക്കും. സ്കൂളുകൾ വഴി കുട്ടികളെ ബോധവത്കരിച്ച് അവർ വഴിയും വീടുകളിൽ നിന്ന് എണ്ണ ശേഖരിക്കും,'- അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെമ്പാടും കമ്പനിക്ക് ജീവനക്കാരുണ്ടാകുമെന്ന് മാത്രമല്ല, പരോക്ഷമായും നിരവധി പേർക്ക് തൊഴിൽ നൽകാനാവുമെന്നും ഹക്സർ ഉറപ്പുപറയുന്നു.

തങ്ങളുടെ വിശ്വാസ്യതയും പ്രവർത്തനത്തിലെ സുതാര്യതയും വെളിപ്പെടുത്താനാവും വിധം എണ്ണ ലഭിക്കുന്ന ഇടങ്ങളുടെ ജിപിഎസ് ട്രേസബിലിറ്റി എന്ന ആശയവും ഇവർ മുന്നോട്ട് വെക്കുന്നുണ്ട്. 'സർക്കാർ ഏജൻസികൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങൾ എണ്ണ ശേഖരിക്കുന്ന ഇടങ്ങൾ തിരിച്ചറിയാൻ കഴിയും. ഞങ്ങളുടെ പ്രവർത്തനത്തിലെ സുതാര്യത ഉറപ്പാക്കി തന്നെ മുന്നോട്ട് പോകും'- ഹക്സർ പറഞ്ഞു.

33 രൂപ വരെ കൊടുക്കാം, പക്ഷെ ചോദിക്കുന്നത് 75!

വലിയ സ്വപ്നങ്ങളുമായാണ് ഖത്തറിലെ വ്യവസായം ശക്തമായിരിക്കുമ്പോഴും കേരളത്തിലേക്ക് വന്നതെങ്കിലും ഹക്സറിനും കാൾ ഫീൽഡർക്കും  സംഘത്തിനും പ്രതീക്ഷിച്ച സ്വീകരണമല്ല കേരളത്തിൽ കിട്ടുന്നത്. ബേക്കറികളും ഹോട്ടലുകളും തട്ടുകടകളുമായും ബന്ധപ്പെട്ടെങ്കിലും ഉപയോഗിച്ച എണ്ണ കിട്ടുന്നില്ലെന്നും കിട്ടുന്നവയ്ക്ക് പലരും നാട്ടിലില്ലാത്ത വില ചോദിക്കുന്നതുമാണ് വെല്ലുവിളിയെന്ന് ഹക്സർ പറയുന്നു.

'ഞങ്ങൾക്ക് ഉൽപ്പാദനചിലവടക്കം മറികടന്ന് പ്രവർത്തിക്കാൻ സാധിക്കണമെങ്കിൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉപയോഗിച്ച എണ്ണ നൽകി പരമാവധി സഹകരിക്കണം. 25 മുതൽ 33 രൂപ വരെ പരമാവധി പഴയ എണ്ണ ലിറ്ററിന് നൽകിയാൽ മാത്രമേ ഞങ്ങൾക്ക് ഉദ്ദേശിക്കുന്ന വിധത്തിൽ പ്രവർത്തിക്കാനാവൂ. ബയോഡീസലിന് ലിറ്ററിന് 60 രൂപയാണ് വില. ഇന്ത്യൻ ഓയിൽ കോർപറേഷന് ഈ വിലയ്ക്കാണ് ഞങ്ങൾ കൊടുക്കുന്നത്. അതിലും ഉയർന്ന വിലയ്ക്ക് ഇതുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കൾ മറ്റു പലരും ഇതേ ആവശ്യങ്ങൾക്ക് എന്ന് പറഞ്ഞു വാങ്ങി കൊണ്ട് പോകുന്നുണ്ട്. എന്നാൽ ഇതേ വിലക്ക് വാങ്ങിയാൽ ബയോഡീസൽ ഉത്പാദനത്തിനുള്ള ഉപയോഗത്തിന് വാണിജ്യപരമായി യാതൊരു സാധ്യതയും ഇല്ലെന്നും ഇതേ എണ്ണ  നമ്മുടെ ഭക്ഷണ ആവശ്യങ്ങൾക്കും വിളക്കെണ്ണയും ഒക്കെ ആയി തിരികെ  വരുന്നത് നമ്മൾ അറിയുന്നില്ലെന്നും ഹക്സർ പറഞ്ഞു.

കേരളത്തിലേക്കോ, അത് വേണോ?

ന്യൂട്രൽ ഫ്യുവൽസിന് ദില്ലിയിൽ ബയോഡീസൽ പ്ലാന്റുണ്ട്. 'പുതിയൊരു പ്ലാന്റ് കേരളത്തിൽ തുടങ്ങാമെന്ന് പറഞ്ഞപ്പോൾ അവർ മടിച്ചു. കേരളത്തിൽ നിന്ന് അസംസ്കൃത ഭക്ഷ്യ എണ്ണ കിട്ടില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. ഖത്തറിൽ ഞങ്ങൾക്ക് പ്ലാന്റുണ്ട്. അവിടെ 35 ലക്ഷം ജനങ്ങൾ മാത്രമാണുള്ളത്. അവിടെ 500 മെട്രിക് ടൺ ബയോഡീസൽ ഞങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. അപ്പോൾ ഖത്തറിന്റെ പത്ത് മടങ്ങ് ജനസംഖ്യയുള്ള കേരളത്തിൽ നിന്ന് അതിലുമധികം ബയോഡീസലുണ്ടാക്കാനാകും എന്നുറപ്പുണ്ട്. കേരളത്തിൽ എണ്ണ ഉപയോഗം അത്രയേറെ കൂടുതലാണ്. ഈ മാലിന്യം എങ്ങോട്ട് പോകുന്നുവെന്ന് ഇതുവരെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് പുനരുപയോഗിക്കാനാവുമെന്നും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത ബയോഡീസലായി മാറ്റാമെന്നതും നേരത്തെ കണ്ടെത്തിയതാണ്. കേരളത്തിൽ നിന്ന് തന്നെ ബയോഡീസൽ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ,'- ഹക്സർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിച്ചു.

യന്ത്രങ്ങൾ ഉടനെത്തും, 100 പേർക്ക് വരെ ജോലി കിട്ടും

കുമ്പള വ്യാവസായിക പാർക്കിൽ പ്ലാന്റിന് വേണ്ട കെട്ടിടങ്ങൾ നിർമ്മിച്ചുകഴിഞ്ഞു. ഇനി ഇവിടെ യന്ത്രസംവിധാനങ്ങൾ സ്ഥാപിക്കേണ്ട താമസമേയുള്ളൂ. 'ഒരു മാസത്തിനുള്ളിൽ യന്ത്രങ്ങൾ ഇവിടെയെത്തും. ഡിസംബറോടെ പ്ലാന്റ് യാഥാർത്ഥ്യമാകും. തുടക്കത്തിൽ 80 മുതൽ 100 പേർക്ക് വരെ നേരിട്ട് ജോലി നൽകാൻ കഴിയും. അത്രയും പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും,'- ഹക്സർ വ്യക്തമാക്കി. മെച്ചപ്പെട്ട നിലയിൽ കമ്പനി വളരുകയാണെങ്കിൽ ഭാവിയിൽ നാടിന്റെ മുഖച്ഛായ തന്നെ മാറ്റാനാവുന്ന സംരംഭമായാണ് ഇതിനെ വ്യവസായ വകുപ്പ് കണക്കാക്കുന്നത്.

ബയോഡീസൽ എന്ന ലക്ഷ്യം മുൻനിർത്തി നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ട് പോയിരുന്നെങ്കിലും കേരളത്തിൽ പ്ലാന്റുകളില്ലാത്തത് ഈ പദ്ധതി പാതിവഴിയിൽ ഇല്ലാതാകാൻ കാരണമായിരുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലുമുള്ള ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ, വീടുകൾ എന്നിവിടങ്ങളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന എണ്ണ വിലയ്ക്ക് വാങ്ങി, സംസ്കരിച്ച് ബയോഡീസലുണ്ടാക്കാനാണ് കമ്പനികളുടെ ശ്രമം. ന്യൂട്രൽ ഫ്യുവൽസിന്റെ ദില്ലിയിലെ പ്ലാന്റിലേക്ക് കേരളത്തിലെ പത്ത് ജില്ലകളിൽ നിന്ന് എണ്ണ ശേഖരിച്ച് അയക്കുന്നുണ്ട്. പക്ഷെ ജനങ്ങളിൽ നിന്ന് സഹകരണം ലഭിക്കുന്നില്ലെന്നൊരു നിരാശയും ഹക്സർ പങ്കുവെച്ചു.

ഇന്ത്യൻ ഓയിൽ കോർപറേഷനുമായി കരാർ

ന്യൂട്രൽ ഫ്യുവൽസിന് ദില്ലിയിലുള്ള ബയോഡീസൽ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ഇന്ധനം ഇന്ത്യൻ ഓയിൽ കോർപറേഷനാണ് വിൽക്കുന്നത്. 60 രൂപയാണ് സംസ്കരിച്ച ബയോഡീസലിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ കമ്പനിക്ക് നൽകുന്നത്. 'കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ബയോഡീസൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പോലുള്ള എണ്ണക്കമ്പനികൾക്ക് വിൽക്കാനാണ് അവരുടെ പദ്ധതി,'- സജിത്കുമാർ പ്രതികരിച്ചു. കേരളത്തിലെ വീട്ടടുക്കള മുതൽ വൻകിട റെസ്റ്റോറന്റുകൾ വരെ ഉപയോഗിക്കുന്ന എണ്ണ ഇത്തരത്തിൽ സംസ്കരിക്കാനായാൽ ബയോഡീസൽ ഉൽപ്പാദനത്തിൽ കേരളത്തിന് മുന്നേറാനാവുമെന്നാണ് സർക്കാർ ഏജൻസികളുടെയും പ്രതീക്ഷ.

 പുത്തനൊരു സംരംഭം കേരളത്തിൽ തുടങ്ങാൻ സർക്കാരിന്റെ പിന്തുണ മാത്രം മതിയാകില്ലെന്നാണ് ഹക്സറിന്റെ അനുഭവത്തിൽ നിന്ന് മനസിലാവുന്നത്. കേരളം വ്യവസായ രംഗത്ത് വലിയ കുതിപ്പ് ലക്ഷ്യമിടുന്ന ഈ സമയത്ത്, കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുന്ന ഇത്തരം സംരംഭങ്ങൾക്ക് സർക്കാർ ഏജൻസികളുടെയും ജനങ്ങളുടെയും സഹകരണം ഒരേപോലെ ആവശ്യമാണ്.

പുത്തനൊരു സംരംഭം കേരളത്തിൽ തുടങ്ങാൻ സർക്കാരിന്റെ പിന്തുണ മാത്രം മതിയാകില്ലെന്നാണ് ഹക്സറിന്റെ അനുഭവത്തിൽ നിന്ന് മനസിലാവുന്നത്. കേരളം വ്യവസായ രംഗത്ത് വലിയ കുതിപ്പ് ലക്ഷ്യമിടുന്ന ഈ സമയത്ത്, കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുന്ന ഇത്തരം സംരംഭങ്ങൾക്ക് സർക്കാർ ഏജൻസികളുടെയും ജനങ്ങളുടെയും സഹകരണം ഒരേപോലെ ആവശ്യമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios