Asianet News MalayalamAsianet News Malayalam

സംരംഭകരായ വനിതകളെ ലക്ഷ്യമിട്ട് പുതിയ പദ്ധതി വരുന്നു; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കെ -വിന്‍സ് നടപ്പാക്കുന്നത് ഈ രീതിയില്‍

ഈ പദ്ധതിയുടെ ഭാഗമായി ടെക്നിക്കല്‍ റൈറ്റിംഗില്‍ താല്പര്യമുള്ളവരും സാങ്കേതികമേഖയില്‍ ബിരുദമുള്ളവരുമായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 

Kerala Startup Mission (KSUM) Kerala Women in Nano-Startups (K-WINS) project
Author
Thiruvananthapuram, First Published Jan 18, 2020, 11:10 AM IST

തിരുവനന്തപുരം: സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) കേരള വിമന്‍ ഇന്‍ നാനോ സ്റ്റാര്‍ട്ടപ്സ് (കെ-വിന്‍സ്) എന്ന പദ്ധതിക്ക് തുടക്കമിടുന്നു. 

ജോലി യോഗ്യതയുള്ളവരും പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന അതേസമയം മുഴുവന്‍ സമയ ജോലി ചെയ്യാത്ത സ്ത്രീകള്‍ക്കും വേണ്ടിയാണ് പദ്ധതി. തങ്ങളുടെ സമയമനുസരിച്ച് ഇവര്‍ക്ക് സ്വതന്ത്രമായ ജോലികള്‍ ഏറ്റെടുക്കാന്‍ കെഎസ് യുഎം സഹായിക്കും. 

ഈ പദ്ധതിയുടെ ഭാഗമായി ടെക്നിക്കല്‍ റൈറ്റിംഗില്‍ താല്പര്യമുള്ളവരും സാങ്കേതികമേഖയില്‍ ബിരുദമുള്ളവരുമായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കെഎസ് യുഎം-ന്‍റെ മേല്‍നോട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ടെക്നിക്കല്‍ കണ്ടന്‍റ് റൈറ്റിംഗ് പ്രോജക്ടുകള്‍ക്കുവേണ്ടിയാണിത്. 

അപേക്ഷ പൂരിപ്പിക്കുന്നതിനൊപ്പം വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ള വിഷയങ്ങളില്‍ അസല്‍ ലേഖനങ്ങള്‍ നല്‍കാന്‍ കഴിയും. ഈ ലേഖനങ്ങള്‍ പരിശോധിച്ചിട്ടായിരിക്കും യോഗ്യരായവരുടെ പട്ടിക തയാറാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ കൊച്ചിയില്‍ നടക്കുന്ന ഓറിയന്‍റേഷന്‍ പ്രോഗ്രാമിലേയ്ക്കും റൈറ്റിംഗ് വര്‍ക്ക് ഷോപ്പിലേയ്ക്കും ക്ഷണിക്കും. തുടര്‍ന്ന് ഇവരെ സംസ്ഥാനത്തെ ടെക്നോളജി സ്റ്റാര്‍ട്ടപ് ഇക്കോ സിസ്റ്റത്തിന്‍റെ ഭാഗമാക്കുകയാണ്  ലക്ഷ്യം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 21. 

അപേക്ഷിക്കുന്നതിനടക്കമുള്ള വിവരങ്ങള്‍ക്ക്  https://startupmission.in/k-wins/. ഇമെയില്‍: k-wins@startupmission.in.

Follow Us:
Download App:
  • android
  • ios