തിരുവനന്തപുരം:  കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ  (കെഎസ്‍യുഎം) മേല്‍നോട്ടത്തിലുള്ള  കാര്‍ഷിക സ്റ്റാര്‍ട്ടപ്പായ ഫാര്‍മേഴ്സ് ഫ്രെഷ് സോണ്‍ ലോകത്തിലെ മികച്ച 24 പരിസ്ഥിതി സൗഹൃദ സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

ഓണ്‍ലൈന്‍ കോഡിംഗ് പ്ലാറ്റ്ഫോമായ ഹാക്കര്‍എര്‍ത്തുമായി സഹകരിച്ച് ഇന്‍റല്‍ നടത്തിയ അഖിലേന്ത്യാ ഹാക്ക് ഫ്യുറി2 ഹാക്കത്തോണില്‍ കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് ജേതാവായി. സ്മാര്‍ട് വെയറബിള്‍സിനുള്ള ബയോസെന്‍സിംഗ് സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് കോഡ് ഓഫ് ഡ്യൂട്ടി ഇന്നൊവേഷന്‍സ്. 

2019-ലെ യുഎന്‍ഒ സീഡ് ലോ കാര്‍ബണ്‍ പുരസ്കാരത്തിനുവേണ്ടിയുള്ള ഫൈനലിലാണ്  ഫാര്‍മേഴ്സ് ഫ്രെഷ് സോണ്‍ ഇടം നേടിയത്. ഫൈനലില്‍ പ്രവേശിച്ച നാല് ഇന്ത്യന്‍ സംരംഭങ്ങളിലൊന്നാണിത്. സുസ്ഥിര വികസനം ലക്ഷ്യമാക്കുന്ന സംരംഭങ്ങള്‍ക്കുള്ള വാര്‍ഷിക പുരസ്കാരമായ സീഡ് യുഎന്‍ഒ വികസിത സമ്പദ്‍വ്യവസ്ഥയില്‍ പ്രകൃതി സൗഹാര്‍ദ്ദമായ നൂതന സ്റ്റാര്‍ട്ടപ്പുകളെ പ്രാദേശികതലത്തില്‍നിന്നുതന്നെയാണ് തെരഞ്ഞെടുക്കുന്നത്. ഗ്രാമങ്ങളിലെ കര്‍ഷകരെ നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുകയാണ് ഫാര്‍മേഴ്സ് ഫ്രെഷ് സോണ്‍ ചെയ്യുന്നത്.