മുംബൈ: കിയ മോട്ടോഴ്സ് കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. എന്നാൽ, ഈ കുറഞ്ഞകാലം കൊണ്ടുതന്നെ ഇന്ത്യൻ വാഹന വിപണിൽ വൻ വളർച്ച നേടാൻ കമ്പനിക്കായി. രണ്ട് ജനപ്രിയ എസ്‍യുവികളായ കിയ സോണറ്റ്, കിയ സെൽറ്റോസ് എന്നിവയുടെ സഹായത്തോടെയായിരുന്നു കമ്പനിയുടെ ഈ മുന്നേറ്റം.

രാജ്യത്ത് കമ്പനിയുടെ വളർച്ചാ വേ​ഗം കൂട്ടാനാണ് കിയയുടെ പുതിയ ആലോചന. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യൻ റൂറൽ മാർക്കറ്റ് പിടിക്കുകയാണ് കമ്പനിയുടെ അടുത്ത ടാർ​ഗറ്റ്. "ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വിൽപ്പന ശൃംഖല വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡീലർ പങ്കാളികളുടെ ലാഭം വർദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്," കമ്പനിയുടെ മുതിർന്ന ഉദ്യോ​ഗസ്ഥർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

“ഞങ്ങളുടെ നെറ്റ്‍വർക്ക് വികസിപ്പിക്കുകയാണ്, ഈ വർഷം അവസാനത്തോടെ 300 ടച്ച് പോയിൻറുകളിൽ എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്, ഇപ്പോൾ ടയർ- IV ന​ഗരങ്ങളുടെയും, ​ഗ്രാമീണ വിപണികളുടെ വിപുലീകരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത് ഇന്ത്യൻ വിപണിയിൽ കൂടുതൽ സജീവമാകാൻ സഹായിക്കും, " കിയ മോട്ടോഴ്സ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയിൽസ് ഓഫീസറുമായ ടൈ-ജിൻ പാർക്ക് പിടിഐയോട് പറഞ്ഞു.