മുംബൈ: റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേര്‍സില്‍ 5500 കോടി രൂപ ആഗോള നിക്ഷേപക സ്ഥാപനമായ കെകെആര്‍ നിക്ഷേപിക്കും. 1.28 ശതമാനം ഇക്വിറ്റി ഓഹരികളാണ് വാങ്ങുക. ബിഎസ്ഇ ഫയലിങില്‍ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. ഇത് രണ്ടാം തവണയാണ് റിലയന്‍സില്‍ കെകആര്‍ നിക്ഷേപം നടത്തുന്നത്.

ഈ വര്‍ഷമാദ്യം ജിയോ പ്ലാറ്റ്‌ഫോമില്‍ കെകെആര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. 11367 കോടി രൂപ നിക്ഷേപിക്കാനായിരുന്നു തീരുമാനം. കെകആറിനെ സ്വാഗതം ചെയ്യുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മുകേഷ് അംബാനി പ്രതികരിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ശൃംഖല, ഹോള്‍സെയില്‍ വ്യാപാരം, ഫാസ്റ്റ്-ഫാഷന്‍ ഔട്ട്‌ലെറ്റ്, ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറായ ജിയോ മാര്‍ട്ട് എന്നിവയാണ് റിലയന്‍സ് റീട്ടെയ്ലില്‍ ഉള്ളത്. ഫൂച്വര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ ബിസിനസ് ഏറ്റെടുത്തതോടെ റിലയന്‍സ് ശൃംഖലയില്‍ 1700 വമ്പന്‍ സ്റ്റോറുകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇതോടെ 11806 സ്റ്റോറുകളാണ് റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയ്ല്‍ സംരംഭത്തിന് കീഴിലുള്ളത്.