Asianet News MalayalamAsianet News Malayalam

മലബാറിന് യൂസഫലിയുടെ ഓണസമ്മാനം; ആഗോള നിലവാരത്തിലുള്ള ഷോപ്പിങ്ങ് മാൾ കോഴിക്കോട് തുറന്നു

  • ലുലു മാൾ വടക്കൻ കേരളത്തിന്റെ വാണിജ്യവികസനത്തിന് കൈത്താങ്ങാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്;  ഐടി കമ്പനികളുടെ കടന്നുവരവിന് വഴിവയ്ക്കുന്ന സംരംഭമെന്ന് മേയർ ബീന ഫിലിപ്പ്
  • കോഴിക്കോടിന്റെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവയ്പ്പെന്ന് എം.എ യൂസഫലി; പ്രാദേശിക വികസനവും രണ്ടായിരം പേർക്ക് തൊഴിലും യാഥാർത്ഥ്യമായെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ
Kozhikode Lulu mall inaugurated
Author
First Published Sep 8, 2024, 5:34 PM IST | Last Updated Sep 9, 2024, 8:08 PM IST

കോഴിക്കോ‌ട്: ചൂരൽമല ഉരുൾപൊട്ടലിന്റെ നടുക്കത്തിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലു മാൾ മാങ്കാവിൽ തുറന്നു.  ലോകോത്തര ഷോപ്പിങ്ങിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങായി അന്താരാഷ്ട്ര നിലവാരത്തിലാണ് മാൾ തുറന്നിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാൾ ഒരുങ്ങിയിരിക്കുന്നത്.

കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി മുസാഫര്‍ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.

മലബാറിന്റെ വാണിജ്യവികസന മുന്നേറ്റത്തിന് എം.എ യൂസഫലി നൽകുന്ന പിന്തുണയുടെ നേർസാക്ഷ്യമാണ് പുതിയ മാൾ എന്നും പ്രാദേശിക വികസനത്തിനൊപ്പം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് കൂടിയാണ് പ്രതീക്ഷയുടെ വെളിച്ചമേകുന്നതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മികച്ച ടൂറിസ്റ്റ് ഡെസിറ്റിനേഷൻ സാധ്യത കൂടിയാണ് ലുലു തുറന്നിരിക്കുന്നത്. ലുലുവിന് സമീപമുള്ള റോഡുകൾ ഉൾപ്പടെ നഗരത്തിലെ പന്ത്രണ്ട് റോഡുകൾക്ക് സിറ്റി ഇമ്പ്രൂവ്മെന്റ് പദ്ധതിയിലൂടെ 1300 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി കൂട്ടിചേർത്തു. കോഴിക്കോ‌ടിന്റെ വികസനപ്രവർത്തിന് കരുത്തേകുന്ന എം.എ യൂസഫലിയുടെ പ്രൊജക്ടുകൾക്ക് സർക്കാർ എല്ലാപിന്തുണയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

മതസൗഹാർദത്തിന്റെ ഈറ്റില്ലമായ മലബാറിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. മികച്ച നഗരാസൂത്രണമുള്ള സിറ്റിയായി കോഴിക്കോടിനെ മാറ്റേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണ്, നഗരത്തിന്റെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ മാൾ എന്ന് എം.എ യൂസഫലി പറഞ്ഞു. മികച്ച നിലവാരത്തിലുള്ള  ഹോട്ടൽ കോഴിക്കോട് യാഥാർത്ഥ്യമാക്കുമെന്ന് അദേഹം കൂട്ടിചേർത്തു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാതൃകയിൽ വലിയ പദ്ധതികൾ നടപ്പാക്കുമെന്നും മലബാറിന്റെ വികസനത്തിന് വേണ്ട എല്ലാ സഹായവും നൽകുമെന്നും യൂസഫലി ചൂണ്ടികാട്ടി.

കൂടുതൽ ഐടി കമ്പനികൾ ഉൾപ്പടെ കോഴിക്കോട് എത്തുന്നതിന് ലുലുവിന്റെ ഇത്തരം പ്രൊജക്ടുകൾ വലിയ സഹായമാകുമെന്നും പുതിയതലമുറയുടെ ആവശ്യക്ത കൂടിയാണ് ലുലു മാൾ നിറവേറ്റുന്നതെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. ഹാപ്പിനെസ് ഇൻഡെക്സ് സൂചിക ഉയർത്താനുള്ള നഗരസഭയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് പുതിയ ലുലു മാൾ എന്നും ബീന ഫിലിപ്പ് കൂട്ടിചേർത്തു.

ഇന്ത്യയിലെ വിവിധടിയങ്ങളിൽ ലുലു കൈവരിച്ച വിജയം കോഴിക്കോടിനും പ്രതീക്ഷപകരുന്നതാണെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കി. തിരുവനന്തപുരത്തും കൊച്ചിയിലേതും പോലെ കോഴിക്കോടിന്റെ വാണിജ്യവികസനം വേഗത്തിലാക്കാൻ  ലുലുവിന്റെ പ്രൊജ്ക്ടുകൾക്ക് കഴിയുമെന്നും അദേഹം പറഞ്ഞു. എം.കെ രാഘവൻ എംപിക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ കെ ജയന്ത് ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. എംപിയുടെ ആശംസ സന്ദേശം കെ ജയന്ത് വേദിയിൽ വായിച്ചു.

800 കോടി രൂപയുടെ നിക്ഷേപപദ്ധതിയാണ് കോഴിക്കോട് യാഥാർത്ഥ്യമായിരിക്കുന്നത്. രണ്ടായിരം പേർക്കാണ് പുതിയ തൊഴിലവസരം ലഭിക്കുന്നത്. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് ലുലു സമ്മാനിക്കുക. അഞ്ച് സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ അടക്കം സജ്ജീകരിച്ച് ഏറ്റവും സുഗമമായ ഷോപ്പിങ്ങാണ് ലുലു കോഴിക്കോടിൽ ഉറപ്പാക്കിയിരിക്കുന്നത്.

ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറയും ലുലുവിൽ സജ്ജമാണ്. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ്. മുൻനിര ബ്രാൻഡഡ് ഉത്പന്നങ്ങൾ മുതൽ മലബാറിലെ കാർഷിക മേഖലയിൽ നിന്നുള്ള പഴം പച്ചക്കറി പാൽ ഉത്പന്നങ്ങൾ വരെ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. ലോകത്തെ വിവിധകോണുകളിൽ നിന്നുമുള്ള വ്യത്യസ്ഥമായ ഉത്പന്നങ്ങൾ മിതമായ നിരക്കിലാണ് ഉറപ്പാക്കുന്നത്.

പലവഞ്ജനങ്ങൾ, മത്സ്യം ഇറച്ചി എന്നിവയ്ക്കായി പ്രത്യേകം കൗണ്ടറുകളുണ്ട്. ഹോട്ട് ഫുഡ് - ബേക്കറി വിഭവങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിട്ടുപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകർഷകമായ ഫാഷൻ ശേഖരവുമായി ലുലു ഫാഷൻസ്റ്റോറും പുതുമയാർന്ന ഷോപ്പിങ്ങ് സമ്മാനിക്കും. ഇതിന് പുറമെ, ഗെംയിമിങ്ങ് സെക്ഷനായ ലുലു ഫൺടൂറ കുട്ടികളുടെ പ്രിയപ്പെട്ട ഇടമാകും. പതിനായിരം സ്ക്വയർ ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 'ഫൺടൂറ' വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ് സോണാണ്.

വിപുലമായ ഫുഡ് കോർട്ടാണ് മറ്റൊരു പ്രത്യേകത. 500 ൽ അധികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോർട്ട്. കെഎഫ്സി, ചിക്കിങ്ങ്, പിസ ഹട്ട്, ബാസ്കിൻ റോബിൻസ്, ഫ്ലെയിം ആൻ ഗോ, സ്റ്റാർബക്സ് തുടങ്ങി പതിനാറിലേറെ ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ടിസോട്ട്, സ്കെച്ചേർസ്,സ്വാ ഡയമണ്ട്സ്, സീലിയോ, ലെവിസ്, യുഎസ് പോളോ, എൽപി, അലൻ സോളി, പോഷെ സലൂൺ, ലെൻസ് ആൻഡ് ഫ്രെയിംസ് ഉൾപ്പടെ അമ്പതോളം അന്താരാഷ്ട്ര ബ്രാൻഡുകളുടെ സ്റ്റോറുകളുമുണ്ട്. 1800 വാഹനങ്ങൾ സുഗമമായി പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഉപഭോക്താകൾക്ക് മാളിൽ പ്രവേശിക്കാനാകും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ,  ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി ആൻഡ് സിഇഒ അദീബ് അഹമ്മദ്, ഐടി സംരംഭകൻ ഷരൂൺ ഷംസുദ്ധീൻ ; ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ ഷോപ്പിങ്ങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.

കോട്ടയം, തിരൂർ, പെരിന്തൽമണ്ണ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ലുലു ഗ്രൂപ്പ് ഇന്ത്യയുടെ കൂടുതൽ പ്രൊജക്ടുകൾ ഉടൻ യാഥാർത്ഥ്യമാകും. കൂടാതെ  ചെന്നൈ, അഹമ്മദാബാദ്, ഗുരുഗ്രാം തുട‌ങ്ങിയ മെട്രോ നഗരങ്ങളിലും വലിയ പദ്ധതികളാണ് ലുലു യാഥാർത്ഥ്യമാക്കുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ബെംഗ്ലൂരു, ഹൈദരാബാദ്, ലഖ്നൗ എന്നിവടങ്ങൾക്ക് പുറമേയാണ് കോഴിക്കോടും ലുലു ഷോപ്പിങ് വാതിൽ തുറന്നിരിക്കുന്നത്. തമിഴ്നാട്, ഗുജറാത്ത്, ജമ്മു കശ്മീർ അടക്കം രാജ്യത്തെ വിവിധയിടങ്ങളിലായി മാൾ, ഹൈപ്പർമാർക്കറ്റ്, ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ ഉൾപ്പടെ വിപുലമായ പദ്ധതികളാണ് ലുലു ഗ്രൂപ്പ് ഇന്ത്യ നടപ്പാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios