തിരുവനന്തപുരം:  സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്മാര്‍ട്ട് സൊലൂഷനായ സ്മാര്‍ട്ടപ്പിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുമായി ധാരണയായി.

സമാര്‍ട് ധനകാര്യ ഉപകരണങ്ങള്‍, സ്മാര്‍ട് സേവന മാര്‍ഗനിര്‍ദേശങ്ങള്‍,  സാങ്കേതികവിദ്യ എന്നിവയിലൂടെ സ്റ്റാര്‍ട്ടപ് ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതാണ് സ്മാര്‍ട് സൊലൂഷനായ സ്മാര്‍ട്ടപ്. എച്ച്ഡിഎഫ്സി ബാങ്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വികസിപ്പിച്ച ഈ എന്‍ഡ് ടു എന്‍ഡ് ബാങ്കിംഗ് സൊലൂഷനില്‍  കോര്‍പ്പറേറ്റ് സാലറി അക്കൗണ്ടുകള്‍, ഫോറെക്സ് സേവനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, പേയ്മെന്‍റുകള്‍, കളക്ഷന്‍ സൊലൂഷനുകള്‍, പോയിന്‍റ് ഓഫ് സെയില്‍ ടെര്‍മിനല്‍സ് (പിഒഎസ്), വിപണന കേന്ദ്രത്തിനുള്ള നോഡല്‍ അക്കൗണ്ടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. 

കെഎസ്‍യുഎം  സിഇഒ ഡോ സജി ഗോപിനാഥും എച്ച്ഡിഎഫ്സി ബാങ്ക് ദക്ഷിണ ബ്രാഞ്ച് ബാങ്കിംഗ് മേധാവി അരുണ്‍ മെദിരാറ്റയും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഈ ദൗത്യത്തിലൂടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും ആഗോളതലത്തില്‍ അവയെ വികസിപ്പിക്കുന്നതിനും അവയുടെ മൂല്യനിര്‍ണയത്തിനും എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം ലഭിക്കുമെന്ന് ഡോ സജി ഗോപിനാഥ് പറഞ്ഞു.  ഇനിയും ഫലവത്തായ സഹകരണത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം ധനകാര്യ സേവനങ്ങള്‍ നേടിയെടുക്കുന്നതിനും മറ്റു സൗകര്യങ്ങള്‍ക്കുമായി എച്ച്ഡിഎഫ്സി ബാങ്കിനെ ബന്ധപ്പെടാന്‍ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്‍യുഎം  നിര്‍ദേശം നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി  ബാങ്ക് ആവശ്യമായ സൗകര്യങ്ങള്‍  ഒരുക്കും. കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കാളികള്‍ക്കു മുന്നില്‍ സൊലൂഷനുകള്‍ അവതരിപ്പിക്കുന്നതിനും ഇതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബാങ്ക് മുന്‍കൈ എടുക്കും.

ധാരണയുടെ അടിസ്ഥാനത്തില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല സ്മാര്‍ട് ബൈ പ്ലാറ്റ്ഫോമിലൂടെ ബാങ്കിലെ ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്യമാക്കുമെന്നും അരുണ്‍ മെദിരാറ്റ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ് സംസ്കാരത്തെ പിന്തുണയ്ക്കുകയെന്ന നടന്നുവരുന്ന തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും സംസ്ഥാനത്തോടുള്ള പ്രതിബദ്ധതയുടെ മറ്റൊരു സൂചനയാണിതെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അവസരം ലഭ്യമാക്കിയ കെഎസ്‍യുഎമ്മിന് നന്ദി രേഖപ്പെടുത്തി.