തിരുവനന്തപുരം: ബാങ്കിംഗ് മേഖലയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയിലേയ്ക്ക് പ്രവേശിക്കുന്നതിന് കൈത്താങ്ങായി  കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‍യുഎം) റീട്ടെയില്‍ ബാങ്കിംഗ്, ട്രാന്‍സാക്ഷന്‍ ബാങ്കിംഗ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് തുടങ്ങിയ ബാങ്കിംഗ് മേഖലകളില്‍ ലോകത്തിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ സാങ്കേതികവിദ്യാ സ്ഥാപനമായ 'ഫിനസ്ട്ര' യുമായി സഹകരിക്കുന്നു. 

ഇതിനു വേണ്ടിയുള്ള ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് ടെക്നോപാര്‍ക്കില്‍ കെഎസ്‍യുഎം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെഎസ്‍യുഎം സിഇഒ ഡോ. സജി ഗോപിനാഥും ഫിനസ്ട്ര ഇന്ത്യ മേധാവി മെജാബിന്‍ പൂനാവാലയും ഒപ്പുവച്ചു. 

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ശേഷി വികസനം, ഭാവി ധനകാര്യ മേഖലകളിലെ നൂതനമായ സാഹചര്യങ്ങളില്‍ സഹകരിച്ചുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയവയാണ് രണ്ടു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. റീട്ടെയില്‍ ബാങ്കിംഗ്, ബാങ്കിംഗ് ക്രയവിക്രയം, വായ്പ കൊടുക്കല്‍, ട്രഷറി- ക്യാപിറ്റല്‍ വിപണികള്‍ എന്നിവയില്‍ കൂടുതല്‍ അവസരങ്ങള്‍ ഫിനസ്ട്രയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. 

ലോകത്തിലെ നൂറു മുന്‍നിര ബാങ്കുകളില്‍ തൊണ്ണൂറും ഉപയോക്താക്കളായുള്ള ഫിനസ്ട്രയുടെ പ്രതിശീര്‍ഷ വരുമാനം 1345 കോടി രൂപയാണ്. പതിനായിരത്തോളം ഉദ്യോഗസ്ഥരും ഒന്‍പതിനായിരത്തിലധികം ഉപഭോക്താക്കളും ഫിനസ്ട്രയ്ക്കുണ്ട്.  നിലവിലുള്ള പ്രവര്‍ത്തന സംവിധാനവും ഉപഭോക്തൃ സേവന രീതികളും മെച്ചപ്പെടുത്താന്‍ ക്ലൗഡ് സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി, ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്നോളജി തുടങ്ങിയ നൂതന സമ്പ്രദായങ്ങളാണ് ഫിനസ്ട്രി അവലംബിക്കുന്നത്.