തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തിലൂടെ പുതിയ വരുമാന സാധ്യതകൾ തേടി കുടുംബശ്രീയിലെ വനിതകൾ. കുടുംബശ്രീ യൂണിറ്റുകളിലൂടെ ദിനംതോറും 10 ലക്ഷത്തോളം തുണിസഞ്ചികൾ വിപണിയിലിറക്കും. പ്ലാസ്റ്റികിനെതിരെ കുടുംബശ്രീ ബോധവൽക്കരണവും ശക്തമാക്കും. പ്ലാസ്റ്റിക് നിരോധിക്കുമ്പോള്‍ വിപണിയിൽ തുണിസഞ്ചികൾക്കും പേപ്പർ ബാഗുകൾക്കുമുണ്ടാകുന്ന ആവശ്യം മുതലെടുത്ത് ലാഭം കൊയ്യാനാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമിടുന്നത്

കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളിലെല്ലാം ഇപ്പോൾ തിരക്കോട് തിരക്കാണ്. ആദ്യഘട്ടമായി എഴുപതിനായിരം തുണിസഞ്ചികളാണ് വിപണിയിലിറക്കുക. നിലവിൽ മൂവായിരത്തോളം യൂണിറ്റുകളാണ് തുണി, ചണം, പേപ്പർ എന്നിവ കൊണ്ടുളള ബാഗുകൾ നിർമ്മിക്കുന്നത്. ഇനി ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറുന്നത് കൂടുതൽ വരുമാനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ അംഗങ്ങൾ.

വിവിധ കുടുംബശ്രീ യൂണിറ്റുകൾ നേരിട്ടും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയുമാണ് ഇപ്പോൾ ഇത്തരം ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നത്. വരും ഘട്ടത്തിൽ അതത് ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ സ്ഥിരം വിപണി ഒരുക്കും. തുണി സഞ്ചിക്ക് പുറമേ പാള കൊണ്ടുളള പ്ലേറ്റുകൾ, പേപ്പർ പേന, സ്ട്രോ എന്നിവ കൂടുതലായി വിപണിയിലിറക്കാനും കുടുംബശ്രീ പദ്ധതിയിടുന്നുണ്ട്.