ദില്ലി: ഇനി മുതൽ എൽപിജി സിലിണ്ടർ വീട്ടിൽ കിട്ടണമെന്നുണ്ടെങ്കിൽ സേവന ദാതാക്കൾക്ക് ഒടിപി പറഞ്ഞുകൊടുക്കണം. സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാൻ നിർണായക തീരുമാനമാണ് സേവന ദാതാക്കൾ കൊണ്ടുവന്നിരിക്കുന്നത്. സിലിണ്ടർ ഡെലിവറി ചെയ്യുമ്പോൾ കൊണ്ടുവരുന്ന ആളിന് ഒടിപി കൈമാറണമെന്നാണ് ചട്ടം.

എണ്ണക്കമ്പനികളാണ് ഡെലിവറി ഓതന്റിക്കേഷൻ കീവേർഡ് കൊണ്ടുവന്നിരിക്കുന്നത്. ബുക്ക് ചെയ്താൽ ഇനി സിലിണ്ടർ വീട്ടിലെത്തില്ലെന്നതാണ് ഇതിലെ പ്രധാന മാറ്റം. ഉപഭോക്താവിന്റെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപിയാണ് ഡെലിവറി പേഴ്സണ് കൈമാറേണ്ടത്. ഇതിന് ശേഷമേ സിലിണ്ടർ ഡെലിവറി ചെയ്യാവൂ എന്നാണ് ചട്ടം.

ഉപഭോക്താവിന്റെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഡെലിവറി പേഴ്സൺ ഇത് ആപ്പ് വഴി അപ്ഡേറ്റ് ചെയ്ത് കോഡ് ജനറേറ്റ് ചെയ്യും. ഈ നടപടിക്കായി ഉപഭോക്താവ് മൊബൈൽ നമ്പറും വിലാസവും അപ്ഡേറ്റ് ചെയ്യണം. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ കാര്യത്തിൽ ഈ നിബന്ധനയില്ല.

ഇന്ത്യൻ ഓയിൽ ഇന്റൻ എൽപിജി റീഫിൽ ബുക്കിങിനായി ഒരൊറ്റ നമ്പർ കൊണ്ടുവന്നിട്ടുണ്ട്. ഓരോ ടെലികോം സർക്കിളിലും വ്യത്യസ്ത നമ്പറെന്ന രീതി ഇതോടെ മാറി. 7718955555 എന്ന നമ്പറിലാണ് ഇനി മുതൽ സിലിണ്ടർ ബുക് ചെയ്യാൻ വിളിക്കേണ്ടത്.