അമരാവതി: ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി ഇടഞ്ഞ് ലുലു ഗ്രൂപ്പ്. അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമി പുതിയ സര്‍ക്കാര്‍ റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ലുലു ഗ്രൂപ് നിലപാട് വ്യക്തമാക്കിയത്. ആന്ധ്രപ്രദേശില്‍ ഇനി നിക്ഷേപം നടത്തില്ലെന്ന് ലുലു ഗ്രൂപ്പ് ചൊവ്വാഴ്ച വൈഎസ്ആര്‍ സര്‍ക്കാരിനെ അറിയിച്ചു. തെലുങ്കുദേശം പാര്‍ട്ടി സര്‍ക്കാര്‍ സുതാര്യമായ രീതിയിലാണ് വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചത്.

ലേലത്തില്‍ പങ്കെടുത്താണ് ഭൂമി ലീസിനെടുത്തത്. ഭൂമി അനുവദിച്ചത് റദ്ദാക്കാനുള്ള പുതിയ സര്‍ക്കാരിന്‍റെ തീരുമാനം ഞങ്ങള്‍ അംഗീകരിക്കുന്നു. ഇനിയൊരിക്കലും ആന്ധ്രയില്‍ നിക്ഷേപം നടത്തില്ല. പദ്ധതി സാക്ഷാത്കരിക്കുന്നതിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. പ്രശസ്തരായ കണ്‍സള്‍ട്ടന്‍റുമാരെ നിയമിച്ചതിനും പദ്ധതി രൂപകല്‍പ്പന ചെയ്യുന്നതിന് ലോകോത്തര ആര്‍ക്കിടെക്റ്റുമാരെ കൊണ്ടുവന്നതിനും വലിയ തുക ചെലവായിട്ടുണ്ട്. 

എന്നാല്‍ നിലവിലെ സാഹചര്യത്തല്‍ ആന്ധ്രാപ്രദേശിലെ പുതിയ പദ്ധതികളിലൊന്നും നിക്ഷേപം നടത്തേണ്ടതില്ലെന്നാണ് ഞങ്ങളുടെ തീരുമാനം- ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഓഫ് ഇന്ത്യ അനന്ത് റാം പറഞ്ഞു. 2,200 കോടി രൂപയുടെ പദ്ധതിയാണ് ആന്ധ്രയില്‍ ലുലു ലക്ഷ്യമിട്ടിരുന്നത്. ഒരു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഷോപ്പിംഗ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ പദ്ധതി എന്നിവ നിര്‍മ്മിക്കാനായിരുന്നു ഉദ്ദേശം. പദ്ധതി നടപ്പിലായിരുന്നെങ്കില്‍ വിശാഖപട്ടണം ഒരു ഷോപ്പിങ് ഹബ്ബായി മാറുമായിരുന്നു. ഇതിനുപുറമെ, ഏഴായിരത്തിലധികം യുവാക്കള്‍ക്ക് തൊഴിലവസരം ലഭിക്കുമായിരുന്നു- റാം പറഞ്ഞു. ആന്ധ്രയിലെ പദ്ധതി ഉപേക്ഷിച്ചെങ്കിലും കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പദ്ധതികളുമായ് മുന്നോട്ടു പോകും.

തെലുങ്കുദേശം പാര്‍ട്ടി ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് 13.83 ഏക്കര്‍ ഭൂമി ഒക്ടോബര്‍ 30നാണ് വൈഎസ്ആ സര്‍ക്കാര്‍ റദ്ദാക്കിയത്. കടലിനഭിമുഖമായി ഹാര്‍ബര്‍ പാര്‍ക്കിന് സമീപമായിരുന്നു ഭൂമി അനുവദിച്ചത്. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്. ലുലു ഗ്രൂപ്പുമായി ഒപ്പുവച്ച കരാര്‍ റദ്ദാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.

ടിഡിപി സര്‍ക്കാര്‍ അനധികൃതമായാണ് ലുലുവിന് ഭൂമി അനുവദിച്ചതെന്ന് വാര്‍ത്താവിനിമയ പബ്ലിക് റിലേഷന്‍സ് മന്ത്രി പെര്‍നി വെങ്കടരാമയ്യ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രിയും ലുലു ഗ്രൂപ്പും തമ്മിലുള്ള അടുപ്പം കാരണം ടിഡിപി സര്‍ക്കാര്‍ ആഗോള ടെന്‍ഡറുകള്‍ വിളിക്കാതെ കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ലുലു ഗ്രൂപ്പിന് അനുകൂലമായി ഭൂമി അനുവദിച്ചു. വിപണി മൂല്യം വളരെ കൂടുതലുള്ളപ്പോള്‍  ഏക്കറിന് വെറും 4 ലക്ഷം രൂപയ്ക്കാണ് ഭൂമി നല്‍കിയത്- അദ്ദേഹം പറഞ്ഞു.