മുംബൈ: മൂലധന പ്രതിസന്ധി നേരിടുന്ന ലക്ഷ്മി വിലാസ് ബാങ്കിനെ (എൽവിബി) സിംഗപ്പൂരിലെ ഡിബിഎസ് ബാങ്കിന്റെ പ്രാദേശിക വിഭാഗവുമായി ലയിപ്പിക്കാനുളള നടപടികൾ പുരോ​ഗമിക്കുന്നു. രാജ്യത്ത് ധനപ്രതിസന്ധി നേരിടുന്ന ബാങ്കുകളെ രക്ഷപ്പെടുത്തുന്നതിനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാതൃകാ നടപടിയായി ഇത് മാറിയേക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധർ പറയുന്നത്.

ദുർബലമായ പ്രാദേശിക ബാങ്കുകളെ സ്വന്തമാക്കാൻ ഒരു വിദേശ ബാങ്കിനെ അനുവദിക്കുന്നത് ബാങ്കിംഗ് റെഗുലേറ്ററിന് കൂടുതൽ ഓപ്ഷനുകൾക്ക് അവസരമൊരുക്കും. 2014 ൽ പൂർണമായും ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി സ്ഥാപിക്കാൻ കേന്ദ്ര ബാങ്ക് വിദേശ ബാങ്കുകളെ അനുവദിച്ചതിന് ശേഷം ബാങ്കിംഗ് ലൈസൻസ് ലഭിച്ച ആദ്യത്തെ വിദേശ ബാങ്കാണ് ഡിബിഎസ്. ഈ നടപടി രാജ്യത്ത് എവിടെയും ശാഖകൾ തുറക്കാൻ വിദേശ ബാങ്കുകളെ അനുവദിക്കുന്നു.

"ഒരു ഇന്ത്യൻ ബാങ്കിനെ ഏറ്റെടുക്കുന്നതിനുള്ള മികച്ച തന്ത്രമാണിത്. റെഗുലേറ്ററിനും ഉപഭോക്താക്കൾക്കും ഏറ്റെടുക്കുന്ന ബാങ്കിനും ഇത് ഒരു വിൻ-വിൻ സാഹചര്യമാണ്. ഒരു സ്റ്റാർട്ടപ്പ് ബാങ്കാണ് ഞങ്ങൾ ഇപ്പോൾ. ഇപ്പോൾ ഞങ്ങൾ ഏറ്റെടുക്കൽ സംബന്ധിച്ച അവസരങ്ങൾ നോക്കുന്നില്ല. എന്നിരുന്നാലും, ഭാവിയിൽ ഞങ്ങൾ ഇത് നോക്കാം, ”ഇന്ത്യയിൽ പൂർണമായും ഉടമസ്ഥതയിലുള്ള ഒരു യൂണിറ്റ് സ്ഥാപിക്കുന്ന രണ്ടാമത്തെ വിദേശ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സിദ്ധാർത്ഥ് റത്ത് പറഞ്ഞു.

ആർബിഐയുടെ നിയമങ്ങൾ വിദേശ ബാങ്കുകളെ ഇന്ത്യൻ ബാങ്കിംഗ് സമ്പ്രദായത്തിൽ ആധിപത്യം പുലർത്തുന്നതിൽ നിന്ന് പരിമിതപ്പെടുത്തുന്നു, കാരണം അവയ്ക്ക് ആധിപത്യം ലഭിക്കാതിരിക്കാനുളള നിയന്ത്രണ ഘടകങ്ങൾ രാജ്യത്തെ ബാങ്കിങ് നിയമത്തിലുണ്ടെന്നും സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെ‌ടുന്നു.