യൂണിറ്റുകളുടെ വില്‍പ്പന കുറഞ്ഞതും വില്‍പ്പന വര്‍ധിപ്പിക്കാനുളള പരസ്യങ്ങള്‍ക്കായുളള ചെലവ് വര്‍ധിച്ചതും മൂല്യത്തകര്‍ച്ച മൂലം ചെലവുകള്‍ ഉയര്‍ന്നതുമാണ് പ്രധാനമായും മാരുതി സുസുക്കിയെ തളര്‍ത്തിയത്.
മുംബൈ: സെപ്റ്റംബര്‍ പാദത്തിലെ മാരുതിയുടെ മൊത്ത ലാഭത്തില്‍ വന്‍ ഇടിവ് നേരിട്ടു. 2019- 20 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്ത ലാഭം 1,358.6 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തെക്കാള്‍ 39.4 ശതമാനത്തിന്‍റെ കുറവാണ് ലാഭത്തിലുണ്ടായത്. 2018- 19 സാമ്പത്തിക വര്‍ഷത്തെ മൊത്ത ലാഭം 2,240.4 കോടി രൂപയായിരുന്നു.
യൂണിറ്റുകളുടെ വില്‍പ്പന കുറഞ്ഞതും വില്‍പ്പന വര്‍ധിപ്പിക്കാനുളള പരസ്യങ്ങള്‍ക്കായുളള ചെലവ് വര്‍ധിച്ചതും മൂല്യത്തകര്‍ച്ച മൂലം ചെലവുകള്‍ ഉയര്‍ന്നതുമാണ് പ്രധാനമായും മാരുതി സുസുക്കിയെ തളര്‍ത്തിയത്. ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ, നിക്ഷേപിച്ച മിച്ചത്തിന്റെ ഉയർന്ന ന്യായമായ നേട്ടം, കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കൽ എന്നിവ ഭാഗികമായി കമ്പനിയുടെ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചിട്ടുളളതായി മാരുതി വിലയിരുത്തി.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളുടെ വരുമാനത്തിലും മുന്‍ വര്‍ഷത്തെക്കാള്‍ വലിയ അന്തരമുണ്ടായി. ഈ പാദത്തിലെ ആകെ വരുമാനം 16,120.4 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 24 ശതമാനം കുറവാണിത്. വാഹന യൂണിറ്റുകളുടെ വില്‍പ്പനയിലും 30.2 ശതമാനത്തിന്‍റെ ഇടിവുണ്ടായി. തുടര്‍ച്ചയായ വരുമാനത്തില്‍ 14 ശതമാനത്തിന്‍റെ ഇടിവുണ്ടായി.
