ദില്ലി: രാജ്യത്തെ ഇന്ധന വില്‍പ്പനയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൂടുതല്‍ കമ്പനികള്‍ക്ക് ഇന്ധന റീട്ടെയ്ല്‍ ഔട്ട്‍ലെറ്റുകള്‍ തുടങ്ങാന്‍ അവസരം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ രാജ്യത്തെ ഇന്ധന ലഭ്യത കൂട്ടുകയും വിപണിയില്‍ കമ്പനികളുടെ മത്സരക്ഷമത ഉയര്‍ത്തുകയുമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. 

നിലവില്‍ ഇന്ധന ചില്ലറ വില്‍പ്പന വിപണിയിലേക്ക് കടക്കാന്‍ ഹൈഡ്രോകാര്‍ബണ്‍ പരിവേക്ഷണം, ഉല്‍പാദനം, ശുദ്ധീകരണം, പൈപ്പ്‍ലൈന്‍ അല്ലെങ്കില്‍ എല്‍പിജി എന്നിവയിലായി 2,000 കോടിയുടെ നിക്ഷേപം ആവശ്യമാണ്. ഈ നിയമ വ്യവസ്ഥയിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇനിമുതല്‍ 250 കോടി ടേണ്‍ ഓവറുളള കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന വിപണിയിലേക്ക് പ്രവേശിക്കാം. 

എന്നാല്‍, ഇത്തരം കമ്പനികളുടെ അഞ്ച് ശതമാനം ചില്ലറ വില്‍പ്പന ഔട്ട്‍ലെറ്റുകള്‍ ഗ്രാമീണ മേഖലയിലായിരിക്കണം. നിയമത്തില്‍ ഇന്ധനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പെട്രോള്‍, ഡീസല്‍, എല്‍എന്‍ജി സിഎന്‍ജി തുടങ്ങിയവയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ഭേദഗതി ബാധകം. 

നിലവില്‍ ഈ മേഖലയിലെ നിര്‍ണായക ശക്തികള്‍ പൊതുമേഖല എണ്ണക്കമ്പനികളാണ്. പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടേതായി ആകെ 65,000 ഇന്ധന റീട്ടെയ്ല്‍ ഔട്ട്ലറ്റുകളാണ് ഇന്ത്യയിലുളളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയാരാ എനര്‍ജി, റോയല്‍ ഡച്ച് ഷെല്‍ എന്നിവയാണ് ഈ രംഗത്തെ സ്വകാര്യ കമ്പനികള്‍. എന്നാല്‍, ചില്ലറ വില്‍പ്പന രംഗത്ത് ഇവര്‍ വളരെ പിന്നിലാണ്. ലോകത്തെ ഏറ്റവും വലിയ ഇന്ധന ശുദ്ധീകരണശാല സ്വന്തമായുളള റിലയന്‍സിന് രാജ്യത്ത് 1,400 ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമാണുളളത്.