Asianet News MalayalamAsianet News Malayalam

ഫെബ്രുവരിയും തുണച്ചില്ല, കണക്കുകളില്‍ വിറച്ച് മഹീന്ദ്രയും ലെയ്‍ലാന്‍റും; വാഹനം വാങ്ങാന്‍ താല്‍പര്യം കുറയുന്നു

വാഗൺ ആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നീ മോഡലുകൾ ഉൾപ്പെടുന്ന "കോംപാക്റ്റ്" വിഭാഗത്തിൽ വിൽപ്പന 3.92 ശതമാനം ഇടിഞ്ഞ് 69,828 വാഹനങ്ങളായി.

monthly sales report analysis about mahindra, ashok leyland, maruti suzuki and bajaj auto
Author
Mumbai, First Published Mar 2, 2020, 4:32 PM IST

സര്‍ക്കാരിന്‍റെ ഉപഭോഗം വര്‍ധിപ്പിക്കാനുളള നടപടികളും വില്‍പ്പന ഉയര്‍ത്താനുളള വാഹന നിര്‍മാതാക്കളുടെ ഇടപെടലുകളും ഫലം കാണുന്നില്ലെന്ന സൂചന നല്‍കി ഫെബ്രുവരി മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മരുതി സുസുക്കിക്കും മഹീന്ദ്രയ്ക്കും ബജാജ് ഓട്ടോയ്ക്കും വന്‍ വില്‍പ്പന ഇടിവാണ് ഫെബ്രുവരിയിലുണ്ടായത്. 

മാരുതി സുസുക്കി ഇന്ത്യയുടെ ഫെബ്രുവരി മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ 3.56 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടപ്പോള്‍ മഹീന്ദ്രയ്ക്ക് 42.10 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. റെഗുലേറ്ററി ഫയലിംഗിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം മാരുതിയുടെ ആകെ വില്‍പ്പന 1,34,150 യൂണിറ്റുകളാണ്. 2019 ഫെബ്രുവരിയില്‍ ഇത് 1,39,100 യൂണിറ്റുകളായിരുന്നു.

ഇന്ത്യന്‍ വാഹന വിപണിയുടെ പകുതിയോളം വിപണി വിഹിതം കൈകാര്യം ചെയ്യുന്ന മാരുതിക്കുണ്ടായിരിക്കുന്ന വില്‍പ്പനയിലെ ഇടിവ് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ഗ്രാമ -നഗര ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്ന വലിയ ഇടിവാണ് വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ പ്രധാന കാരണം. രാജ്യത്തെ മലിനീകരണ നിയന്ത്രണ ചട്ടം ബിഎസ് നാലില്‍ നിന്ന് ബിഎസ് ആറിലേക്ക് മാറാന്‍ പോകുന്നതും വില്‍പ്പനയിലെ ഇടിവിന് കാരണമായതായി ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  

ഫെബ്രുവരിയിൽ മൊത്തം പാസഞ്ചര്‍ വാഹന വിൽപ്പന 2.34 ശതമാനം ഇടിഞ്ഞ് 1,33,702 മായി മാറിയതായി മാരുതി സുസുക്കി ഇന്ത്യ പറഞ്ഞു. 

monthly sales report analysis about mahindra, ashok leyland, maruti suzuki and bajaj auto

 

വാഗൺ ആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നീ മോഡലുകൾ ഉൾപ്പെടുന്ന "കോംപാക്റ്റ്" വിഭാഗത്തിൽ വിൽപ്പന 3.92 ശതമാനം ഇടിഞ്ഞ് 69,828 വാഹനങ്ങളായി.

ഏകനേട്ടം കയറ്റുമതി മാത്രം !

“മിനി” വിഭാഗത്തിൽ വിൽപ്പന 11.10 ശതമാനം ഉയർന്ന് 27,499 യൂണിറ്റുകളായതായി മാരുതി സുസുക്കി ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മിനി വിഭാഗത്തിൽ മാരുതി സുസുക്കിയുടെ ആൾട്ടോ, എസ്-പ്രസ്സോ മോഡലുകൾ ഉൾപ്പെടുന്നു.

ഫെബ്രുവരിയിൽ മൊത്തം കയറ്റുമതി 7.09 ശതമാനം ഉയർന്ന് 10,261 യൂണിറ്റായത് മാത്രമാണ് കമ്പനിക്ക് എടുത്ത് പറയാവുന്ന ഏക നേട്ടം. 

ഈ സാമ്പത്തിക വർഷം (ഏപ്രിൽ-ഫെബ്രുവരി) ഇതുവരെയുള്ള 11 മാസങ്ങളിൽ ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 13,59,148 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 16,06,087 ആയിരുന്നു. 15.38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

പാസഞ്ചർ വാഹന വിഭാഗത്തില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ്. ഈ വിഭാഗത്തിൽ യൂട്ടിലിറ്റി വാഹനങ്ങൾ, കാറുകൾ, വാനുകൾ എന്നിവയുൾപ്പെടെ 10,938 യൂണിറ്റുകള്‍ വിറ്റുപോയതായി മഹീന്ദ്ര പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് 58.11 ശതമാനം ഇടിവാണ് പാസഞ്ചര്‍ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്.

വാണിജ്യ വാഹന വിഭാഗത്തിലെ വിൽ‌പ്പന 25.04 ശതമാനം ഇടിഞ്ഞ്‌ 15,856 വാഹനങ്ങളാവുകയും ചെയ്തു. ഇടത്തരം, ഹെവി വാണിജ്യ വാഹന വിഭാഗത്തിൽ 436 വാഹനങ്ങൾ ഈ മാസം വിറ്റതായി വാഹന നിർമാതാക്കള്‍ അറിയിച്ചു. ആഭ്യന്തര വിപണിയിലെ വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെ മൊത്ത വാഹന വിൽപ്പന ഫെബ്രുവരിയിൽ 42.10 ശതമാനം ഇടിഞ്ഞ് 32,476 വാഹനങ്ങളായി.

monthly sales report analysis about mahindra, ashok leyland, maruti suzuki and bajaj auto

 

ബജാജിനും രക്ഷയില്ല

ഇരുചക്ര വാഹന വിപണിയിലെ തലയെടുപ്പുളള ബജാജ് ഓട്ടോയ്ക്ക് വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. കഴിഞ്ഞ മാസം ആകെ 3,54,913 യൂണിറ്റുകളാണ് വിറ്റുപോയത്. മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 3,93,089 യൂണിറ്റുകളായിരുന്നു. 2020 ജനുവരി മാസത്തില്‍ ആകെ വില്‍പ്പന 3,94,473 യൂണിറ്റുകളായിരുന്നു. 

മൊത്തം ആഭ്യന്തര വിൽപ്പന (2 വീലർ & വാണിജ്യ വാഹനങ്ങള്‍) 2020 ഫെബ്രുവരിയിൽ 24 ശതമാനം കുറഞ്ഞ് 168,747 യൂണിറ്റായി. 2019 ഫെബ്രുവരിയിൽ 221,706 യൂണിറ്റായിരുന്നു. മൊത്തം കയറ്റുമതി 9 ശതമാനം ഉയർന്ന് 2020 ഫെബ്രുവരിയിൽ 186,166 ആയി. 2019 ഫെബ്രുവരിയിൽ 171,383 യൂണിറ്റായി.
2020 ഫെബ്രുവരിയിൽ മൊത്തം 2-വീലർ വിൽപ്പന 310,222 യൂണിറ്റാണ്. 2019 ഫെബ്രുവരിയിലെ 327,985 യൂണിറ്റുകളിൽ നിന്ന് അഞ്ച് ശതമാനം ഇടിവാണുണ്ടായത്. മൊത്തം വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 31 ശതമാനം കുറഞ്ഞ് 44,691 യൂണിറ്റായി. 2020 ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്ത 65,104 യൂണിറ്റുകളിൽ നിന്നാണ് ഈ കുറവ്. 

ഇരുചക്ര വാഹന മേജറിന്റെ ഏകീകൃത അറ്റാദായം 8.3 ശതമാനം ഉയർന്ന് 1,322.44 കോടി രൂപയായി. അറ്റവിൽപ്പനയിൽ 2.7 ശതമാനത്തിന്‍റെ വർധനയുണ്ടായി. 2018 ഡിസംബർ മൂന്നിനെ അപേക്ഷിച്ച് 2019 ഡിസംബർ 3 ന് 7,436.42 കോടി രൂപയായി.

മോട്ടോർ സൈക്കിളുകൾ, ത്രീ വീലറുകൾ, ഭാഗങ്ങൾ എന്നിവയാണ് ബജാജ് ഓട്ടോ പ്രധാനമായും നിർമ്മിക്കുന്നത്.

monthly sales report analysis about mahindra, ashok leyland, maruti suzuki and bajaj auto

 

വിലപേശലില്‍ ബജാജ് ഓട്ടോയുടെ ഓഹരികൾ നിലവിൽ 0.71 ശതമാനം ഉയർന്ന് 2911.05 രൂപയായി. പകൽ ഇതുവരെ 2888 രൂപയും 2944 രൂപയുമായിരുന്നു വ്യാപാരം.

ആറ് ട്രേഡിങ്ങ് സെഷനുകളിൽ സ്റ്റോക്ക് 6.45 ശതമാനം ഇടിഞ്ഞ് 2020 ഫെബ്രുവരി 28 വെള്ളിയാഴ്ച 2,890.45 രൂപയായി. 2020 ഫെബ്രുവരി 19 ന് ക്ലോസ് ചെയ്ത 3,089.90 രൂപയിൽ നിന്നായിരുന്നു ഈ പതനം. 

അശോക് ലെയ്‍ലാന്‍റും വിറച്ചു

2020 ഫെബ്രുവരിയിൽ മൊത്തം വാഹന വിൽപ്പന ലെയ്‍ലാന്‍റ് 37 ശതമാനം ഇടിഞ്ഞ് 11,475 യൂണിറ്റായി 2019 ഫെബ്രുവരിയിൽ ഇത് 18,245 യൂണിറ്റായിരുന്നു.

വിലപേശലില്‍ അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ 5.37 ശതമാനം ഉയർന്ന് 73.60 രൂപയായി. നാല് സെഷനുകളിലായി 17.77 ശതമാനം ഇടിഞ്ഞ് വെള്ളിയാഴ്ച (ഫെബ്രുവരി 28) 69.85 രൂപയായിരുന്നു. 2020 ഫെബ്രുവരി 24 ന് രേഖപ്പെടുത്തിയ 84.95 രൂപയിൽ നിന്നാണ് കുത്തനെയുളള ഈ ഇടിവ്. ഇന്ന് വിപണിയില്‍ മൊത്തത്തിലുളള മുന്നേറ്റത്തിന്‍റെ ഫലമാണ് ഈ നേരിയ മുന്നേറ്റമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

കമ്പനിയുടെ മൊത്തം വിൽപ്പന 2020 ജനുവരിയിൽ 11,850 യൂണിറ്റുകളോടെ 3.16 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ ആഭ്യന്തര വിൽപ്പന 2019 ഫെബ്രുവരിയിൽ 17,352 യൂണിറ്റിൽ നിന്ന് 2020 ഫെബ്രുവരിയിൽ 39 ശതമാനം കുറഞ്ഞ് 10,612 യൂണിറ്റായി.

monthly sales report analysis about mahindra, ashok leyland, maruti suzuki and bajaj auto

 

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളിൽ ഒരാളാണ് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിരയിലുള്ള അശോക് ലെയ്‌ലൻഡ്, ആഗോളതലത്തിൽ ബസ്സുകളുടെയും ട്രക്കുകളുടെയും ഏറ്റവും വലിയ നിർമ്മാതാക്കള്‍ കൂടിയാണിവര്‍.

ഏകീകൃത അടിസ്ഥാനത്തിൽ കമ്പനിയുടെ അറ്റാദായം 93.3 ശതമാനം ഇടിഞ്ഞ് 26.79 കോടി രൂപയായി. അറ്റവിൽപ്പനയിൽ 30.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 ഡിസംബർ മൂന്നിനെ അപേക്ഷിച്ച് 2019 ഡിസംബർ മൂന്നിന് 5148.15 കോടി രൂപയായി.

Follow Us:
Download App:
  • android
  • ios