സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബാലെനോ, ഡിസയർ എന്നിവയുൾപ്പെടെയുള്ള കോംപാക്റ്റ് സെഗ്മെന്റ് വാഹനങ്ങളുടെ വിൽപ്പന 15.3 ശതമാനം ഉയർന്ന് 80,517 യൂണിറ്റായി. 

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) ഫെബ്രുവരി മാസത്തെ മൊത്ത വിൽപ്പനയിൽ 11.8 ശതമാനം വർധന നേടിയെടുത്തു. 1,64,469 യൂണിറ്റുകളാണ് കമ്പനി ഫെബ്രുവരി മാസം വിറ്റഴിച്ചത്. 

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കമ്പനി 1,47,110 യൂണിറ്റുകൾ വിറ്റതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര വിൽപ്പന 11.8 ശതമാനം ഉയർന്ന് 1,52,983 യൂണിറ്റായി. 2020 ഫെബ്രുവരിയിൽ ഇത് 1,36,849 യൂണിറ്റായിരുന്നു.

ആൾട്ടോ, എസ്-പ്രസ്സോ എന്നിവ ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 12.9 ശതമാനം കുറഞ്ഞ് 23,959 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 27,499 ആയിരുന്നു.

സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബാലെനോ, ഡിസയർ എന്നിവയുൾപ്പെടെയുള്ള കോംപാക്റ്റ് സെഗ്മെന്റ് വാഹനങ്ങളുടെ വിൽപ്പന 15.3 ശതമാനം ഉയർന്ന് 80,517 യൂണിറ്റായി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇത് 69,828 യൂണിറ്റുകളായിരുന്നു. മിഡ്-സൈസ് സെഡാൻ സിയാസിന്റെ വിൽപ്പന 40.6 ശതമാനം കുറഞ്ഞ് 1,510 യൂണിറ്റായി. 2020 ഫെബ്രുവരിയിൽ ഇത് 2,544 യൂണിറ്റായിരുന്നു.

വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹന വിൽപ്പന 18.9 ശതമാനം ഉയർന്ന് 26,884 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 22,604 യൂണിറ്റായിരുന്നു.

ഫെബ്രുവരിയിലെ കയറ്റുമതി 11.9 ശതമാനം ഉയർന്ന് 11,486 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 10,261 യൂണിറ്റായിരുന്നു.