മുംബൈ: തങ്ങളുടെ എന്റർടെയ്ൻമെന്റ് ബിസിനസ് സ്ഥാപനവും സോണി പിക്ചേർസ് നെറ്റ്‌വർക്കുമായുള്ള ലയനം വേണ്ടെന്ന് വയ്ക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ് തീരുമാനിച്ചു. നയപരമായ തീരുമാനത്തിലാണ് കമ്പനി പുനരാലോചന നടത്തിയത്. വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും സോണി കോർപ്പറേഷനും തമ്മിലുള്ള ലയനത്തിൽ സോണിക്ക് കൂടുതൽ ഓഹരി പങ്കാളിത്തം ലഭിക്കുന്ന വിധത്തിലായിരുന്നു ധാരണകൾ.

ലയനത്തിൽ നിന്ന് പിന്മാറിയ റിലയൻസ് വയാകോമിൽ കൂടുതൽ നിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്. ജിയോയുടെ ബിസിനസ് സ്ട്രാറ്റജിയിൽ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ് ഒരു പ്രധാന ഭാഗമാണ്. അതിനാൽ തന്നെ വമ്പൻ നിക്ഷേപത്തിലൂടെ വയാകോമിനെ വളർത്താനാണ് തീരുമാനം.

വയാകോമിനെ രാജ്യത്തെ ഒന്നാം നമ്പർ ഒടിടി പ്ലാറ്റ്ഫോമാക്കി മാറ്റാനാണ് നീക്കം. വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ 51 ശതമാനം ഓഹരി ടിവി 18 ബ്രോഡ്‌കാസ്റ്റ് ലിമിറ്റഡിനാണ്. നിലവിൽ ഏഴ് ഭാഷകളിലായി വയാകോമിന് 40 ചാനലുകളുണ്ട്. ഇതിന് പുറമെ സിനിമാ നിർമ്മാണ കമ്പനി, വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ വൂട് തുടങ്ങിയ സ്ഥാപനങ്ങളും ഈ കുടക്കീഴിലാണ്.