തിരുവനന്തപുരം: കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പുതിയതായി 39 ആഭ്യന്തര വിമാനസര്‍വീസുകള്‍ കൂടി തുടങ്ങാന്‍ തയ്യാറായി കമ്പനികള്‍. ഇതില്‍ തിരുവനന്തപുരത്ത് നിന്ന് മാത്രം 23 പുതിയ സര്‍വീസുകളാണുണ്ടാകുക. 

മൊത്തം സര്‍വീസ് നടത്തുക 22 വിമാനങ്ങളാകും. എയര്‍ ഇന്ത്യ ഒന്നും, സ്പൈസ് ജെറ്റ് എട്ടും, എയര്‍ ഏഷ്യയുടെ വകയായി ഏഴും, വിസ്താരയുടെ ഒന്നും സര്‍വീസുകളാണുണ്ടാകുക. ഗോ എയര്‍ 22 പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരളത്തോട് വലിയ മമത കാട്ടി. കേരള മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തെ തുടര്‍ന്നാണ് എയര്‍ലൈന്‍ സര്‍വീസുകളെക്കുറിച്ച് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചത്.  

ഇന്ധന നികുതിയുമായി ബന്ധപ്പെട്ട് തീരുമാനത്തിന് വിധേയമായി ഇന്‍ഡിഗോ മൂന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.