ദില്ലി: ദമാമിലേക്ക് ഇന്ത്യയിൽ നിന്ന് മൂന്ന് സർവീസുകൾ ഇന്റിഗോ പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നിന്ന് ഫെബ്രുവരി 16 നാണ് കമ്പനി തങ്ങളുടെ 87 മത്തെ വിമാനത്താവളത്തിലേക്കുള്ള ആദ്യത്തെ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്റിഗോ സർവ്വീസ് നടത്തുന്ന 24 മത്തെ അന്താരാഷ്ട്ര വിമാനത്താവളം കൂടിയാവും ഇതോടെ സൗദി അറേബ്യയിലെ ദമാം വിമാനത്താവളം. ഹൈദരാബാദിൽ നിന്നുള്ള വിമാനസർവീസ് ആരംഭിച്ച് അധികം വൈകാതെ തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ നിന്നും സർവീസുകൾ ആരംഭിക്കും.

മാർച്ച് ഏഴ് മുതലാണ് ഈ സർവീസുകൾ. ദമാമിനെ തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ദിവസം പത്ത് സർവീസുകൾ നടത്താനാണ് ഇന്‍ഡിഗോയുടെ തീരുമാനം. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനും മധ്യ ഏഷ്യന്‍ മേഖലയില്‍  സ്വാധീനം ശക്തിപ്പെടുത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.