ദില്ലി: റിലയൻസ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാൻ പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ നീക്കം. അനിൽ അംബാനിയുടെ കീഴിലെ റിലയൻസ് ഗ്രൂപ്പിന്റെ ബിആർപിഎൽ ന്റെയും ബിവൈപിഎല്ലിന്റെയും 51 ശതമാനം ഓഹരികൾ വാങ്ങാനാണ് എൻടിപിസിയുടെ നീക്കം.

ദില്ലി സർക്കാരുമായി ചേർന്നാണ് ബിവൈപിഎല്ലും ബിആർപിഎല്ലും രണ്ട് പ്ലാന്റുകൾ ദില്ലിയിൽ സ്ഥാപിച്ചിരിക്കുന്നത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചറാണ് രണ്ട് കമ്പനിയിലും ഭൂരിഭാഗം നിക്ഷേപവും നടത്തിയത്. തന്റെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ പല സ്ഥാപനത്തിലെയും ഓഹരികൾ വിൽക്കാൻ അനിൽ അംബാനി തീരുമാനിച്ചിട്ടുണ്ട്. 2018 ൽ മുംബൈയിലെ വൈദ്യുത വിതരണ ബിസിനസ് അദാനി ട്രാൻസ്മിഷന് കൈമാറിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.

ബിവൈപിഎല്ലിലും ബിആർപിഎല്ലിലും ഭൂരിഭാഗം ഓഹരികളും വാങ്ങിയെടുത്ത് വൈദ്യുതി വിതരണ ബിസിനസിലേക്ക് കടക്കാനാണ് എൻടിപിസിയുടെ ശ്രമം. രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദന കമ്പനിയാണ് പൊതുമേഖലാ സ്ഥാപനമായ എൻടിപിസി.