മുംബൈ: സെപ്റ്റംബര്‍ മാസം പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. മുന്‍ വര്‍ഷത്തെ സമാനകലയളവിനെ അപേക്ഷിച്ച് 10 വര്‍ധനയാണ് സെപ്റ്റംബറിലുണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം വാഹന നിര്‍മാണ മേഖല നേടിയെടുത്തതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫഡാ) അറിയിച്ചു.

കൊവിഡ് -19 അനുബന്ധ നിയന്ത്രണങ്ങളിൽ നിന്ന് നഗര വിപണികൾ തുറക്കുകയും, ബാങ്കുകളുടെ വാഹന വായ്പ വിതരണം മെച്ചപ്പെ‌ട്ടതും, പുതിയ കാർ ലോഞ്ചുകൾ, ഡീലർഷിപ്പുകളിലുടനീളം മോഡൽ വേരിയന്റുകളുടെ ലഭ്യത എന്നിവ വാഹന വിൽപ്പന ഉയരാൻ സഹായിച്ചു. വ്യക്തിഗത മോഡലുകൾക്ക് വ്യാപകമായ മുൻഗണനയുണ്ടായതും വിപണിയെ മെച്ചപ്പെട്ടതാക്കി. പാസഞ്ചർ വാഹന റീട്ടെയിൽ വിൽപ്പന മുൻ വർഷത്തെക്കാൾ 10% ഉയർന്ന് 195,665 യൂണിറ്റായി. 

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, കിയ മോട്ടോഴ്സ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ( എം & എം), ഹോണ്ട കാർസ് ഇന്ത്യ, ടൊയോട്ട കിർലോസ്കാർ മോട്ടോർ ഇന്ത്യ തുടങ്ങിയ വാഹന നിർമാതാക്കളുടെ എല്ലാം മൊത്ത വ്യാപാരക്കണക്കുകൾ ഉയർന്നു. സെപ്റ്റംബറിൽ മൊത്തവ്യാപാരത്തിൽ മുൻ വർഷത്തെക്കാൾ ഏകദേശം 30% വളർച്ച ഇന്ത്യ പാസഞ്ചർ വാഹന നിർമാതാക്കൾക്കുണ്ടായി.