തൃശൂർ: മുൻ കേരള ചീഫ് സെക്രട്ടറി പോൾ ആന്റണി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡയറക്ടറായി നിയമിതനായി. 1983 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ പോൾ ആന്റണി വിവിധ സർക്കാർ സ്ഥാപനങ്ങളെ നയിച്ചിട്ടുണ്ട്. 

വ്യവസായങ്ങൾ, കയറ്റുമതി എന്നിവയുടെ അഭിവൃദ്ധി, തുറമുഖങ്ങൾ, വൈദ്യുതി എന്നിവ ഉൾപ്പെടെയുളള വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, നികുതി വ്യവസ്ഥ, പൊതു വിതരണ സംവിധാനം, ദുർബല വിഭാഗങ്ങളുടെ ഉന്നമനം എന്നിവയിൽ ഇദ്ദേഹത്തിന് പ്രാഗത്ഭ്യമുണ്ട്. സപ്ലൈകോയുടെ എം.ഡി, കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും കെഎസ്ഇബിയുടെയും ചെയർമാൻ,  വ്യവസായ വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും അഡീഷണൽ ചീഫ് സെക്രട്ടറി, വാണിജ്യ നികുതി വകുപ്പിന്റെ കമ്മീഷണർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.