പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളുമായി പോലീസിനെ സമീപിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കോന്നിക്ക് പുറമേ പുനലൂര്‍, ഇരവിപുരം, പത്തനാപുരം, ശാസ്താംകോട്ട, മാന്നാര്‍, പത്തനംതിട്ട, കൊട്ടാരക്കര തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലും പരാതിയുമായി ഉപഭോക്താക്കള്‍ എത്തിയതായാണ് റിപ്പോർട്ട്. കേരള പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സംസ്ഥാനത്തെ 274 ശാഖകളിലായി 2,000 കോടി രൂപയുടെ നിക്ഷേപം ഫിനാന്‍സില്‍ നടന്നിട്ടുളളതായാണ് വിവരം.

1965 ല്‍ ടി കെ ഡാനിയേല്‍ എന്ന വ്യക്തി പത്തനംതിട്ടയിലെ വകയാറില്‍ ആരംഭിച്ച ചിട്ടിക്കമ്പനിയാണ് പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരില്‍ വളര്‍ന്നുവന്നത്. തുടക്കത്തില്‍ സ്വര്‍ണപ്പണയത്തിന് വായ്പകള്‍ നല്‍കിയിരുന്ന സ്ഥാപനം പിന്നീട് മറ്റ് പല മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. ടി കെ ഡാനിയേലിന്റെ മകന്‍ തോമസ് ഡാനിയേലിന്റെ നേതൃത്വത്തിലായിരുന്നു ഫിനാന്‍സ് മറ്റ് ബിസിനസുകളില്‍ സജീവമാകാന്‍ തീരുമാനിച്ചത്. 

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, വിദേശ മലയാളികള്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ആയിരങ്ങളുടെ നിക്ഷേപമാണ് സാമ്പത്തിക തട്ടിപ്പിലൂടെ പ്രതിസന്ധിയിലായത്. വീടുപണി, വിവാഹം, വാര്‍ദ്ധക്യകാല കരുതല്‍ നിക്ഷേപം തുടങ്ങിയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പലരും പണം ഫിനാന്‍സില്‍ നിക്ഷേപിച്ചത്. എന്നാല്‍, കമ്പനി തങ്ങളുടെ നിക്ഷേപകരെ വഞ്ചിക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. നിക്ഷേപം കാലവധി പൂർത്തിയായിട്ടും ഉപഭോക്താക്കൾക്ക് തിരികെ കിട്ടാതെ വന്നപ്പോഴാണ് സാമ്പത്തിക തട്ടിപ്പ് വിവരങ്ങൾ പുറത്തറിഞ്ഞത്. നിക്ഷേപത്തുകയും പലിശയും തിരികെക്കിട്ടാത്തവരിൽ ചിലർ മുഖമന്ത്രിക്കും പരാതി അയച്ചതായാണ് വിവരം. 

വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നീ വകുപ്പുകൾ ചുമത്തും

നാലു വർഷമായി ഫിനാൻസിന്റെ പ്രവർത്തനം കുത്തഴിഞ്ഞരീതിയിൽ ആയിരുന്നെന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഉടമകൾ രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറായ തോമസ് ഡാനിയൽ, ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമായ പ്രഭ ഡാനിയേൽ എന്നിവർ ഒളിവിലാണ്. നിലവില്‍ ഇരുവരും ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടില്ലെന്നാണ് പൊലീസിന് കിട്ടിയ വിവരം. അതേസമയം പോപ്പുലറിനെ സാമ്പത്തിക പ്രതിസന്ധയിൽ നിന്ന് കരകയറ്റാൻ വേണ്ടി മറ്റൊരു പ്രമുഖ പണമിടപാട് സ്ഥാപനവുമായി തോമസ് ഡാനിയൽ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാൽ, ചർച്ചകളിൽ സജീവമായിരുന്ന പണമിടപാട് സ്ഥാപനം പോപ്പുലറിന്റെ ബാധ്യതകൾ ഏറ്റെടുക്കാൻ തയ്യാറായേക്കില്ലെന്നാണ് സൂചന. 

ആദ്യഘട്ടത്തില്‍ ഈ സ്ഥാപനത്തിന്റെ സാമ്പത്തിക സഹായമാണ് പോപ്പുലർ ഫിനാൻസ് ആവശ്യപ്പെട്ടത് പിന്നീട് പ്രതിസന്ധി രൂക്ഷമായപ്പോൾ പോപ്പുലര്‍ ഫിനാന്‍സ് ഏറ്റെടുക്കുന്നതിലേക്ക് ചർച്ചകൾ പുരോ​ഗമിക്കുകയായിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രത്യേക സംഘത്തിന് കേരള പോലീസ് രൂപം നൽകി. ഇവരുടെ നേതൃത്വത്തിലാണിപ്പോൾ അന്വേഷണം പുരോ​ഗമിക്കുന്നത്. കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമക്ക് പുറമെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പ്രതികളാകും. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് എന്നീ വകുപ്പുകൾ ചുമത്തിയാവും കേസെടുക്കുക. 

വകയാറിലെ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പത്തനംതിട്ട സബ് കോടതി നോട്ടീസ് പതിപ്പിച്ചു. പോപ്പുലർ ഫിനാൻസിലെ ഒരു നിക്ഷേപകൻ്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുട‌െ നടപടി. 46 ലക്ഷം രൂപ കിട്ടാനുള്ള നിക്ഷേപകനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. പോപ്പുലര്‍ ഫിനാന്‍സിന്റെ ഇപ്പോഴത്തെ പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നും കൊറോണ മഹാമാരിയെ തുടര്‍ന്നാണ് സ്ഥാപനത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതെന്നും എല്ലാ നിക്ഷേപകരും സഹകരിച്ചാല്‍ അടുത്ത ആറ് മുതല്‍ ഒമ്പത് മാസത്തിനകം എല്ലാ പ്രശ്‌നങ്ങളും തനിക്ക് പരിഹരിക്കാന്‍ കഴിയുമെന്നും തോമസ് ഡാനിയേലിന്റെ പേരില്‍ പുറത്തിറങ്ങിയ പോപ്പുലര്‍ ഫിനാന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു. കേസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ പോപ്പുലർ ഫിനാൻസ് പത്തനംതി‌ട്ട‌ സബ് കോടതിയിൽ ഇന്ന് പാപ്പർ ഹർജി ഫയൽ ചെയ്തു.