മുംബൈ: ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 8.51 ശതമാനം ഇടിഞ്ഞ് 1,244.45 കോടി രൂപയായി. മുൻ വർഷം സമാനകാലയളവിൽ 1,360.20 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ ഇടിവ്. വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ മുൻപന്തിയിലുളള കൊട്ടക് മഹീന്ദ്ര ബാങ്കിലെ ഓഹരികൾ വരുമാന പ്രഖ്യാപനത്തിന് ശേഷം ഏകദേശം മൂന്ന് ശതമാനം ഇടിഞ്ഞു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൊത്തം വരുമാനം 7,685.40 കോടി രൂപയായിരുന്നെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.26 ശതമാനമാണ് ഇടിവ്.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ആസ്തി നിലവാരം മോശമായി. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 2.70 ശതമാനമായി മൊത്ത നിഷ്ക്രിയ ആസ്തികൾ (എൻ‌പി‌എ) ഉയർന്നു. മുൻ പാദത്തിൽ ഇത് 2.25 ശതമാനമായിരുന്നു. 2019 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 2.19 ശതമാനമായിരുന്നു ഇത്.