ദില്ലി: ഇന്‍ഡിഗോ എയര്‍ലൈനിന്‍റെ ഉടമസ്ഥരായ ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബക്കര്‍. എന്നാല്‍, ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

"ഇൻഡിഗോയിൽ ഒരു ഓഹരി എടുക്കാൻ ഞങ്ങൾ വളരെയധികം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഞങ്ങൾ കാത്തിരിക്കും. ഇത് ശരിയായ സമയമല്ല. ഞങ്ങൾക്ക് എയർ ഇന്ത്യയിൽ താൽപ്പര്യമില്ല". ബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്‍ഡിഗോയുടെ ഓഹരി എടുക്കുന്നില്ലെങ്കിലും ഇരു വിമാനക്കമ്പനികളും  കോഡ് ഷെയര്‍ കരാറില്‍ ഒപ്പുവച്ചു. നേരത്തെ ഖത്തര്‍ എയര്‍വേസ് എയര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഇന്‍ഡിഗോയുടെ ദോഹയില്‍ നിന്നുളള ദില്ലി, മുംബൈ, ഹൈദരാബാദ് വിമാനങ്ങളിലെ സീറ്റുകളടക്കം പരിസ്പരം പങ്കുവയ്ക്കും. ദോഹ ആസ്ഥാനമായുള്ള ഖത്തർ എയർവേയ്‌സും ഇൻഡിഗോയും തമ്മിലുള്ള കോഡ് ഷെയർ കരാർ ഇന്ത്യൻ വിമാനക്കമ്പനിയുടെ വിദേശ അഭിലാഷങ്ങൾക്ക് കരുത്തേകുകയും അതിവേഗം വളരുന്ന ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് ഗൾഫ് കാരിയറിന്റെ നെറ്റ്‌വർക്കിലേക്ക് വ്യാപാനം എളുപ്പമാകുകയും ചെയ്യും.