മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) മാർക്കറ്റ് ക്യാപിറ്റലൈസേഷൻ (എം‌- ക്യാപ്പ്) തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ 12 ലക്ഷം കോടി രൂപയെ മറികടന്നു. ഓയിൽ-ടു-ടെലികോം കമ്പനികളുടെ ഓഹരി വില 3.64 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 1,947 രൂപയിലെത്തി. തന്മൂലം കമ്പനിയുടെ എം ക്യാപ്പും 12 ലക്ഷം കോടി രൂപയെ മറികടന്നു.

ഉച്ചയ്ക്ക് 1:26 ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 2.50 ശതമാനം ഉയർന്നു. എം ക്യാപ് 12.21 ലക്ഷം കോടി രൂപയായി.

കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോമുകൾ ക്വാൽകോം വെൻ‌ചേഴ്സിൽ നിന്ന് നേടിയ ഏറ്റവും പുതിയ നിക്ഷേപത്തെത്തുടർന്നാണ് തിങ്കളാഴ്ച ആർ‌ഐ‌എല്ലിന്റെ ഓഹരികൾ ഉയർന്നത്.

ക്വാൽകോം ഇൻ‌കോർ‌പ്പറേറ്റിന്റെ ഇൻ‌വെസ്റ്റ്മെൻറ് വിഭാഗമായ ക്വാൽകോം വെൻ‌ചേഴ്സ് ജിയോ പ്ലാറ്റ്‌ഫോമിലെ 0.15 ശതമാനം ഓഹരി 730 കോടി രൂപയ്ക്ക് വാങ്ങിയതായി കമ്പനി അറിയിച്ചു. ഏപ്രിൽ 22 ന് ശേഷമുളള ജിയോ പ്ലാറ്റ്‌ഫോമിലെ പതിമൂന്നാമത്തെ നിക്ഷേപമാണിത്. ജിയോ പ്ലാറ്റ്‌ഫോമുകൾ ഇതുവരെ 12 ആഴ്ചയ്ക്കുള്ളിൽ 1.18 ലക്ഷം കോടി രൂപ ഇത്തരത്തിൽ സമാഹരിച്ചു. യുഎസ് ആസ്ഥാനമായുള്ള ഫേസ്ബുക്ക്, ജനറൽ അറ്റ്ലാന്റിക്, കെകെആർ, ഇന്റൽ കോർപ്പറേഷൻ, അബുദാബി ആസ്ഥാനമായുള്ള മുബഡാല, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് എന്നിവയാണ് ജിയോ പ്ലാറ്റ്‌ഫോമിലെ സമീപകാല നിക്ഷേപകർ.