Asianet News MalayalamAsianet News Malayalam

റെയിൽവേ ടിക്കറ്റ് നിരക്ക് വര്‍ധന, സ്വകാര്യ ട്രെയിനുകള്‍: വാര്‍ത്തയോട് പ്രതികരിച്ച് ബോര്‍ഡ് ചെയര്‍മാൻ

റിസ‍ര്‍വേഷൻ ടിക്കറ്റുകളുമായി ബന്ധപ്പെട്ട് വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ ഇതിലൊരു ശാശ്വത പരിഹാരം ഉണ്ടാകുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു. 

railway board chairman's words on private train
Author
New Delhi, First Published Dec 30, 2019, 2:05 PM IST


ദില്ലി: രാജ്യത്തെ റെയിൽവേ യാത്രാ നിരക്കും ചരക്ക് ഗതാഗത നിരക്കും വര്‍ധിപ്പിക്കാൻ നീക്കമെന്ന വാര്‍ത്തയോട് പ്രതികരിച്ച് റെയിൽവെ ബോര്‍ഡ് ചെയര്‍മാൻ വിനോദ് കുമാര്‍ യാദവ്. ഇതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെയും, ചരക്ക് ഗതാഗതത്തിലെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ നൽകാനാണ് തീരുമാനമെന്നും കൂടുതൽ പുതിയ ട്രെയിനുകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റിസ‍ര്‍വേഷൻ ടിക്കറ്റുകളുമായി ബന്ധപ്പെട്ട് വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ ഇതിലൊരു ശാശ്വത പരിഹാരം ഉണ്ടാകുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു. ദില്ലി-മുംബൈ, ദില്ലി-കൊൽക്കത്ത റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ചെന്നും ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

റെയിൽവെ യാത്രാ ടിക്കറ്റുകളിലടക്കം നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനിച്ചെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജൻസിയായ യുഎൻഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കിലോമീറ്ററിന് അഞ്ച് പൈസ മുതൽ 40 പൈസ വരെ വർധനവ് വരുത്താനാണ് നീക്കമെന്നായിരുന്നു വാര്‍ത്ത. എസി കാറ്റഗറിയിലും അൺ റിസർവ്ഡ് കാറ്റഗറിയിലും സീസൺ ടിക്കറ്റുകളിലും വരെ വർധനവുണ്ടാകുമെന്ന് യുഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios